- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരാട് കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാവാന്‍ പോവുന്നത് ജയ്സ്വാളോ ഗില്ലോ അല്ല; ഋഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ബാറ്ററാകുമെന്ന് സൗരവ് ഗാംഗുലി
കോഹ്ലിക്കുശേഷം ടെസ്റ്റിലെ മികച്ച ഇന്ത്യന്‍ ബാറ്ററെ പ്രവചിച്ച് ഗാംഗുലി
മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ ഒന്നാം ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാകാനിരിക്കെ പ്രമുഖ താരങ്ങളുടെ പരിക്കും നായകന്‍ രോഹിത് ശര്‍മ ആദ്യ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതും ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. നാട്ടില്‍ ന്യൂസിലന്‍ഡിനോട് ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ആദ്യ ടെസ്റ്റ് നടക്കുന്ന പെര്‍ത്തില്‍ ഇന്ത്യയുടെ പ്രകടനം ഉറ്റുനോക്കുകയാണ് ആരാധകര്‍.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നാലു ടെസ്റ്റുകളെങ്കിലും ജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാകു. നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇല്ലാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റ് കളിക്കുക. പകരം ഉപനായകന്‍ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ഇതിനിടെയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ അടുത്ത മികച്ച ബാറ്റര്‍ ആരാകുമെന്ന ചോദ്യത്തിന് മുന്‍ നായകന്‍ സൗരഗ് ഗാംഗുലി ഉത്തരം നല്‍കിയിരിക്കുന്നത്. യുവതാരം യശസ്വി ജയ്‌സ്വാളിനെയും നായകന്‍ രോഹിത് ശര്‍മയെയും മറികടന്ന് 27കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് കോഹ്ലിക്കുശേഷം റെഡ് ബാള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ബാറ്ററാകുമെന്നാണ് ഗാംഗുലി പറയുന്നത്.
എന്നാല്‍, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പന്ത് ഇനിയും മെച്ചപ്പെടാനുണ്ടെന്നും ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് കൂടിയായ ഗാംഗുലി അഭിപ്രായപ്പെട്ടു. 'അവന്റെ പ്രത്യേക കഴിവ്. വൈറ്റ്-ബാള്‍ ക്രിക്കറ്റില്‍ താരം ഇനിയും മെച്ചപ്പെടാനുണ്ട്. എന്നാല്‍ റെഡ് ബാളിലെ പ്രകടനം അതിശയകരമാണ്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും അദ്ദേഹം കളിച്ച ഇന്നിങ്‌സ് നോക്കൂ, റെഡ് -ബാള്‍ ക്രിക്കറ്റില്‍ ഈ തലമുറയിലെ പ്രതിഭ തന്നെയാണ്. കോഹ്ലിക്കുശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച റെഡ് ബാള്‍ ബാറ്ററാണ് അദ്ദേഹം, പരമ്പരയില്‍ വലിയ സ്വാധീനം ചെലുത്താനാകും' -ഗാംഗുലി പറഞ്ഞു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കഴിഞ്ഞ രണ്ടു പര്യടനത്തിലും ഇന്ത്യയുടെ വിജയത്തില്‍ പന്ത് നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2018-19 പരമ്പരയില്‍ നാലു മത്സരങ്ങളില്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 350 റണ്‍സുമായി രണ്ടാമത്തെ ടോപ് സ്‌കോററായിരുന്നു. 2021-21 ടൂറില്‍ അഞ്ചു ഇന്നിങ്‌സുകളില്‍നിന്ന് 274 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു.
ആദ്യ ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിതൃത്വ അവധിയെടുത്ത് വിട്ടുനില്‍ക്കുകയും ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് പുറത്താകുകയും ചെയ്തതോടെ വിരാട് കോലിയിലും ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്ണടിച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിലുമാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍.
ഓസ്‌ട്രേലിയയില്‍ വിരാട് കോലി പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നും ഗാംഗുലി പറഞ്ഞു. കോലി ചാമ്പ്യന്‍ ബാറ്ററാണ്. ഓസ്‌ട്രേലിയയില്‍ മുമ്പും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. 2014ല്‍ നാലു സെഞ്ചുറികള്‍ നേടിയ കോലി 2018ലും സെഞ്ചുറി നേടി. ഓസ്‌ട്രേലിയയിലേക്കുള്ള തന്റെ അവസാന പരമ്പര അവിസ്മരണീയമാക്കാനാവും കോലി ഇറങ്ങുക. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളും കോലിക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ കോലി ഓസ്‌ട്രേലിയയില്‍ തിളങ്ങുമെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും ഗാംഗുലി പറഞ്ഞു.