- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയെ 282 റണ്‍സിന് എറിഞ്ഞിട്ടു; ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 233 റണ്‍സിന്റെ ചരിത്രജയം; ഓസിസിനെ പിന്തള്ളി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ രണ്ടാമത്
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക രണ്ടാമത്
ഡര്‍ബന്‍: ശ്രീലങ്കക്കെതിരായ ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 233 റണ്‍സിന്റെ ചരിത്ര ജയം കുറിച്ച ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് പ്രോട്ടീസ് നിര രണ്ടാമതെത്തിയത്. ഒമ്പത് ടെസ്റ്റില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമുള്ള ദക്ഷിണാഫ്രിക്ക 64 പോയന്റും 59.26 പോയന്റ് ശതമനാവുമായാണ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഇതോടെ അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇന്ത്യക്കും ഓസ്‌ട്രേലിയയ്ക്കും ഒരുപോലെ നിര്‍ണായകമായി.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 516 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് നാലാം ദിനം ക്രീസിലിറങ്ങിയ ശ്രീലങ്കക്കായി ദിനേശ് ചണ്ഡിമലും ധനഞ്ജയ ഡിസില്‍വയും കുശാല്‍ മെന്‍ഡിസും പൊരുതിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വലിയ രണ്ടാമത്തെ ജയമാണിത്. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 191, 366-5, ശ്രീലങ്ക 42, 282.
ദിനേശ് ചണ്ഡിമല്‍(83), ധനഞ്ജയ ഡിസില്‍വ(59), കുശാല് മെന്‍ഡിസ് എന്നിവര്‍ മാത്രമാണ് ലങ്കക്കായി രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതിയുള്ളു. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്‍സന്‍ നാലും റബാഡ, കോട്‌സി, മഹാരാജ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റെടുത്തിരുന്ന യാന്‍സന്‍ മത്സരത്തിലാകെ 86 റണ്‍സ് വഴങ്ങി 11 വിക്കറ്റെടുത്തു.
ഇന്ത്യക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ പരാജയപ്പെട്ട ഓസിസിന് കനത്ത തിരിച്ചടിയാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 15 ടെസ്റ്റില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയും അടക്കം 110 പോയന്റും 61.11 പോയന്റ് ശതമാവുമുള്ള ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 13 കളികളില്‍ എട്ട് ജയവും നാലു തോല്‍വിയും ഒരു സമനിലയുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ 57.69 പോയന്റ് ശതമാനവുമായി മൂന്നാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിന് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ശ്രീലങ്ക അഞ്ചാം സ്ഥാനത്തേക്ക് വീണതാണ് മറ്റൊരു മാറ്റം.
11 ടെസ്റ്റില്‍ അഞ്ച് ജയവും അഞ്ച് തോല്‍വിയും അടക്കം 50 പോയന്റ് ശതമാവുമായാണ് ശ്രീലങ്ക അഞ്ചാമതായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ തോല്‍വിയിലേക്ക് നീങ്ങുന്ന ന്യൂസിലന്‍ഡ് 11 ടെസ്റ്റില്‍ ആറ് ജയവും അഞ്ച് തോല്‍വിയും 54.55 പോയന്റ് ശതമാവുമായി നാലാമതാണെങ്കിലും ഇംഗ്ലണ്ടിനെതിരെ തോറ്റാല്‍ വീണ്ടും താഴേക്ക് പോകും.
ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ അഡ്ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ നിര്‍ണായകമായി. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോറ്റ ഓസ്‌ട്രേലിയക്ക് രണ്ടാം ടെസ്റ്റിലും തോറ്റാല്‍ വലിയ തിരിച്ചടിയാകും. അഡ്ലെയ്ഡില്‍ തോറ്റാല്‍ ഇന്ത്യക്കും നിലവിലെ ഒന്നാം സ്ഥാനം നഷ്ടമാകാന്‍ സാധ്യതയേറി.