- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍; ദേശീയ ടീമില്‍ കളിക്കാന്‍ ആവശ്യത്തിന് താരങ്ങളില്ല; പാകിസ്ഥാനിലെ ത്രിരാഷ്ട്ര പരമ്പരയില്‍ ഫീല്‍ഡിങ് പരിശീലകനെ ഗ്രൗണ്ടില്‍ ഇറക്കി പ്രോട്ടീസ് നിര
ഫീല്‍ഡിങ് പരിശീലകനെ കളത്തിലിറക്കി ദക്ഷിണാഫ്രിക്ക
ലഹോര്‍: പാക്കിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസീലന്‍ഡ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫീല്‍ഡ് ചെയ്യാനിറങ്ങി പരിശീലകന്‍ വാന്‍ഡിലെ ഗ്വാവു. തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക ന്യൂസീലന്‍ഡ് മത്സരത്തിനിടെയാണ് ടീമിന്റെ ഫീല്‍ഡിങ് പരിശീലകന്‍ തന്നെ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറുടെ റോളില്‍ ഗ്രൗണ്ടിലേക്കെത്തിയത്. പ്രധാന താരങ്ങളില്‍ പലരും ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ലീഗിന്റെ ഭാഗമായതിനാല്‍ 12 താരങ്ങളുമായാണ് ടീം പാക്കിസ്ഥാനിലേക്കു വിമാനം കയറിയത്.
അതുകൊണ്ടുതന്നെ പകരക്കാരായി ഇറക്കാന്‍ താരങ്ങള്‍ ഇല്ലാത്ത അവസ്ഥയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമുള്ളത്. ഈ സാഹചര്യത്തിലായിരുന്നു ഫീല്‍ഡിങ് പരിശീലകന്‍ തന്നെ കുറച്ചു നേരത്തേക്ക് ഗ്രൗണ്ടില്‍ ഇറങ്ങി കളിച്ചത്. ന്യൂസീലന്‍ഡ് ബാറ്റിങ്ങിനിടെ 37ാം ഓവറിലായിരുന്നു ഗ്വാവു ഫീല്‍ഡറായി ഗ്രൗണ്ടിലെത്തിയത്. അസാധാരണമായ നീക്കം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയാകുകയും ചെയ്തു. ഫീല്‍ഡിങ് പരിശീലകന്‍ ഫീല്‍ഡറാകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ന്യൂസീലന്‍ഡിനെതിരായ മത്സരം പക്ഷേ ദക്ഷിണാഫ്രിക്ക തോറ്റു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തപ്പോള്‍ ന്യൂസീലന്‍ഡ് 48.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ത്രിരാഷ്ട്ര പരമ്പരയ്‌ക്കെത്തിയ 12 ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ആദ്യ മത്സരം കളിച്ച ആറു പേരും പുതുമുഖങ്ങളാണ്. ഹെന്റിച് ക്ലാസന്‍, കേശവ് മഹാരാജ് എന്നിവര്‍ പിന്നീട് ടീമിനൊപ്പം ചേര്‍ന്നു. 12ന് പാക്കിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ ഇവര്‍ കളിക്കുമെന്നാണു വിവരം.
ഫെബ്രുവരി 14-ന് മുമ്പായി മറ്റ് താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ചേരും. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിനെതിരായ ഏകദിന മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് പരിശീലകന്‍ ജെ.പി. ഡുമിനി 'പാര്‍ട്ട് ടൈം ഫീല്‍ഡറായി' ഗ്രൗണ്ടില്‍ ഇറങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഒരുമിച്ച് അസുഖം ബാധിച്ച സാഹചര്യത്തിലായിരുന്നു ഡുമിനിക്ക് ഗ്രൗണ്ടില്‍ ഇറങ്ങേണ്ടിവന്നത്.