മക്കെ: പേസർ ലുങ്കി എൻഗിഡിയുടെ തകർപ്പൻ ബൗളിംഗ് മികവിൽ ഓസ്ട്രേലിയയെ 84 റൺസിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു കളി ശേഷിക്കെ പ്രോട്ടീസ് 2-0ത്തിന് മുന്നിലെത്തി. ടി20 പരമ്പര കൈവിട്ടതിന് പിന്നാലെ ഏകദിന പരമ്പര നേടിക്കൊണ്ടാണ് ദക്ഷിണാഫ്രിക്കയുടെ മറുപടി. 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ എൻഗിഡിയുടെ പേസ് ആക്രമണത്തിന് മുന്നിൽ മുട്ടുമടക്കി.

ഓസ്ട്രേലിയ 37.4 ഓവറിൽ 193 റൺസിന് ഓൾ ഔട്ടായി. 8.4 ഓവറിൽ 42 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ എൻഗിഡിയാണ് ഓസീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. 87 റൺസെടുത്ത ജോഷ് ഇംഗ്ലിസ് മാത്രമാണ് ഓസീസ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. 35 റൺസെടുത്ത കാമറൂൺ ഗ്രീൻ ഒഴികെ മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല. അവസാന അഞ്ച് വിക്കറ്റുകൾ വെറും 18 റൺസിനിടെ നിലംപൊത്തിയതോടെ ഓസീസിൻ്റെ പതനം പൂർത്തിയായി. നാന്ദ്ര ബർഗറും സെനുരൻ മുത്തുസാമിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി എൻഗിഡിക്ക് മികച്ച പിന്തുണ നൽകി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.1 ഓവറിൽ 277 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ മാത്യു ബ്രീസ്‌കെ (88), ട്രിസ്റ്റൻ സ്റ്റബ്‌സ് (74) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പ്രോട്ടീസിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബ്രീസ്‌കെ 78 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും പറത്തിയപ്പോൾ, സ്റ്റബ്സ് 74 റൺസുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കി. ടോണി ഡി സോർസി (38), വിയാൻ മൾഡർ (26), പുറത്താകാതെ 22 റൺസെടുത്ത കേശവ് മഹാരാജ് എന്നിവരും നിർണായക സംഭാവനകൾ നൽകി. ഓസ്ട്രേലിയക്കായി ആദം സാംപ മൂന്നും സേവ്യർ ബാർട്‌ലെറ്റ്, നഥാൻ എല്ലിസ്, മാർനസ് ലബുഷെയ്ൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.