- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നും പറയുന്നത് അച്ചടക്ക ലംഘനമോ? തരൂരിന്റെ വിമര്‍ശനത്തിന് പ്രതികാരമായി സഞ്ജുവിനെ വിമര്‍ശിച്ച് തളര്‍ത്തിയവരുടെ അടുത്ത ലക്ഷ്യം ശ്രീശാന്ത്; ഫാസ്റ്റ് ബൗളറെ വാതുവയ്പ്പില്‍ തളച്ച് ഒതുക്കാന്‍ നോക്കിയവര്‍ വീണ്ടും സജീവം; കേരളത്തിന്റെ 'ശ്രീ'യെ വീണ്ടും വിലക്കുമോ?
തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത. കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും പങ്കെടുപ്പിക്കാത്ത തരത്തിലാകും വിലക്ക് വരിക. ഇത്തരമൊരു നടപടിയിലേക്ക് കടക്കാനാണ് ശ്രീശാന്തിന് കെ സി എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കെ.സി.എയെ വിമര്‍ശിച്ചതിലും സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ സഞ്ജു സാംസണിനെ പിന്തുണച്ചതിലാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമ എന്ന നിലയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. ശ്രീശാന്തിന് വക്കീല്‍ നോട്ടീസാണ് അയച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശ്രീശാന്തിന് വ്യക്തിപരമായി അഭിപ്രായപ്രകടനം നടത്താം. എന്നാല്‍, കെ.സി.എല്ലിലെ ടീമിന്റെ ഭാഗമെന്ന നിലയില്‍ അദ്ദേഹം ചില നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. ശ്രീശാന്ത് ഉടമയായ ടീമിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ.സി.എല്ലില്‍ കൊല്ലം ഏരീസ് സെയ്ലേഴ്സ് ടീമിന്റെ സഹഉടമയായ ശ്രീശാന്ത്, ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറും മെന്ററുമാണ്. പ്രമുഖ വ്യവസായി സോഹന്‍ റോയിയാണ് ടീമിന്റെ പ്രധാന ഉടമ. പ്രഥമ കെസിഎല്ലില്‍ ജേതാക്കളായതും ഈ ടീമാണ്. ശ്രീശാന്തിനെ ഉടമയുടെ സ്ഥാനത്ത് നിന്നും മാറ്റാനും നിര്‍ദ്ദേശിച്ചേക്കും. കാരണം കാണിക്കല്‍ നോട്ടീസിന് ശ്രീശാന്ത് മാപ്പപേക്ഷ നല്‍കിയാല്‍ നടപടിയുണ്ടാകില്ലെന്നും സൂചനയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ പല താരങ്ങളും വാതു വയ്പ്പില്‍ കുടുങ്ങിയിട്ടുണ്ട്. പക്ഷേ ഇതിന്റെ പേരില്‍ മാസങ്ങള്‍ ജയിലില്‍ കിടന്ന താരം ശ്രീശാന്ത് മാത്രമാണ്. കോടതിയില്‍ നിന്നും കുറ്റവിമുക്തി നേടിയ ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത് കടുത്ത നിയമ പോരാട്ടത്തിലൂടെയാണ്. അന്നും കേരളാ ക്രിക്കറ്റിലെ ചിലര്‍ ശ്രീശാന്തിനെതിരെ സജീവമായി നിലകൊണ്ടിരുന്നു. അവര്‍ വീണ്ടും ശ്രീശാന്തിനെതിരെ സജീവമാകുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. സഞ്ജു വിഷയത്തില്‍ അച്ചടക്ക ലംഘനമായി ഒന്നും ശ്രീശാന്ത് പറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. എന്നിട്ടും ശ്രീശാന്തിനെ തകര്‍ക്കാനായുള്ള നീക്കത്തിന് പിന്നില്‍ ക്രിക്കറ്റ് കമന്ററിയില്‍ നിന്നടക്കം ശ്രീശാന്തിനെ മാറ്റി നിര്‍ത്തുന്നതിന് വേണ്ടി കൂടിയാണ്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജുവിനെ തഴഞ്ഞതിന് പിന്നാലെ കെ.സി.എയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കാത്തതിനു കാരണമെന്നായിരുന്നു വിമര്‍ശനം. പിന്നാലെയാണ് ശ്രീശാന്ത് സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയില്‍ സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യര്‍ഥന. ഇതിന് അപ്പുറത്തേക്ക് കെസിഎയെ ശ്രീശാന്ത് വിമര്‍ശിച്ചേ ഇല്ലെന്നതാണ് വസ്തുത. പിന്തുണയക്ക്ണമെന്നും ക്രൂശിക്കരുതെന്നും പറയുന്നത് എങ്ങനെ കെസിഎയ്‌ക്കെതിരാകുമെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. പൊതുസമൂഹത്തിനു മുന്നില്‍ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമര്‍ശങ്ങളെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.
സഞ്ജു സാസണ്‍ വിഷയത്തില്‍ കെസിഎയെ വിമര്‍ശിച്ച ശശി തരൂരിനെതിരെ മാനനഷ്ട കേസ് കൊടുക്കാത്തത് കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ വിവാദമായി മാറിയിരുന്നു. സഞ്ജുവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംപി നടത്തിയത് അപകീര്‍ത്തികരമായ പ്രസ്താവനയാണെന്ന് പ്രസിഡന്റ് ജയേഷ് ജോര്‍ജ് വിശദീകരിച്ചിരുന്നു. എന്നിട്ടും കെസിഎ നിയമ നടപടികള്‍ തുടങ്ങിയിട്ടില്ല. കെസിഎയ്ക്ക്തിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുന്നത് കെസിഎയുടെ പതിവ് രീതിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ശശി തരൂരിനെതിരെ നിയമ നടപടി എടുക്കാത്തെന്നാണ് ഉയരുന്ന ചോദ്യം. തരൂരിനെതിരെ നടപടിക്ക് പോയാല്‍ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയം കെസിഎയിലെ പ്രമുഖര്‍ക്കുണ്ട്. ഇതിനൊപ്പം കേരള രാഷ്ട്രീയത്തിലെ താക്കോല്‍ സ്ഥാനം തരൂരിന് കിട്ടിയാല്‍ അതും പ്രശ്നമാകും. ഈ സാഹചര്യത്തിലാണ് കേസ് കൊടുക്കാത്തതെന്നാണ് സൂചന. ഇതിനിടെയാണ് ശ്രീശാന്തിനെതിരായ നടപടി. പ്രത്യക്ഷത്തില്‍ കെസിഎയ്‌ക്കെതിരെ ശ്രീശാന്ത് ഒന്നും പറഞ്ഞിട്ടില്ലെന്നതാണ് വസ്തുത.
ഇടക്കൊച്ചിയിലെ സ്റ്റേഡിയം പ്രോജക്ടില്‍ ട്വീറ്റിട്ട വിജയകൃഷ്ണന്‍, മുന്‍ താരം സന്തോഷ് കരുണാകരന്‍, മുന്‍ കെസിഎ അംഗം അഡ്വ പ്രമോദ്, അന്തരിച്ച മുന്‍ രഞ്ജി താരം ഇട്ടി ചെറിയാാന്‍, മുന്‍ കെസിഎ പ്രസിഡന്റായ അന്തരിച്ച് റോങ്ക്ളിന്‍ ജോണ്‍ എന്നിവര്‍ക്കിതെരെ എല്ലാം കെ സി എ മാനനഷ്ട കേസ് കൊടുത്തിരുന്നു. പത്ര സമ്മേളനത്തിന്റേയും കുറ്റപ്പെടുത്തലിന്റെ പ്രതികരണമെന്നോണമാണ് ഈ നടപടികള്‍. ഇതില്‍ ചിലരെ ആജീവനാന്ത വിലക്കിനും വിധേയമാക്കിയിട്ടുണ്ട്. സ്ത്രീ പീഡന കേസിലെ കോച്ചിനെതിരെ പരാതിപ്പെട്ട വ്യക്തിക്കെതിരേയും നിയമ നടപടി എടുത്തു. പരാതി അയച്ച സാങ്കേതിക വിലാസം പോലും കണ്ടെത്തിയായിരുന്നു ഈ നടപടികള്‍. അത്രയും സുശക്തമാണ് കെസിഎയുടെ നിയമ സംവിധാനം. എന്നിട്ടും സഞ്ജുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടന്നാക്രമണം നടത്തിയ തരൂരിനെതിരെ കേസ് കൊടുത്തതുമില്ല. ഈ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന സ്ഥിരീകരണം വരുന്നത്. ഇതിനൊപ്പം വക്കീല്‍ നോട്ടീസ് നല്‍കിയോ എന്നതില്‍ വ്യക്തത കെസിഎയില്‍ നിന്നും വന്നിട്ടില്ല.
മാനദണ്ഡ പ്രകാരം കെസിഎ ഭാരവാഹിയാകാന്‍ യോഗ്യതയില്ലാത്ത മുന്‍ ഭാരവാഹിയെ നിയമകാര്യങ്ങള്‍ നോക്കാനായി കെസിഎ നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ വന്‍ തുകയും നല്‍കുന്നു. ഇതിന് കാരണം തൊഴില്‍പരമായ സേവനങ്ങള്‍ കാരണമാണെന്നാണ് കെസിഎ വിശദീകരണം. അങ്ങനെ നിയമ പരിജ്ഞാനത്തിന് പണം നല്‍കുന്ന ആള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് തരൂരിനെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുന്നില്ലെന്നതാണ് ചില കെസിഎ ഭാരവാഹികള്‍ ഉയര്‍ത്തുന്ന ചര്‍ച്ച കെ സി എയിയില്‍ പല വിധ വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു.പതിനൊന്നാം വയസ്സില്‍ സഞ്ജുവിനെ കെസിഎയിലെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം സഞ്ജുവിന്റെ അച്ഛന്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനെതിരേയും മാനനഷ്ട കേസ് കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിലും കെസിഎ തീരുമാനം എടുത്തോ എന്ന് വ്യക്തമല്ല.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ സംഭവത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍ എംപി രംഗത്ത വന്നിരുന്നു. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്ന് തരൂര്‍ എക്സ് പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കിയിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് സഞ്ജുവിനെ ബിസിസിഐ ഏകദിന ടൂര്‍ണമെന്റില്‍നിന്നു മാറ്റിനിര്‍ത്തിയത്.. ''സഞ്ജുവിനെ ഒഴിവാക്കിയതില്‍ അവര്‍ക്കു വിഷമമില്ലേ? സഞ്ജുവിനെ കേരള ടീമില്‍ ഉള്‍പ്പെടുത്താത്തതിലൂടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത കൂടിയാണ് കെസിഎ തകര്‍ത്തത്.'' ശശി തരൂര്‍ പ്രതികരിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ 212 റണ്‍സെടുത്ത താരമാണു സഞ്ജുവെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന പോരാട്ടത്തില്‍ സെഞ്ചറി നേടിയ താരത്തെയാണു മാറ്റിനിര്‍ത്തിയതെന്നും തരൂര്‍ വ്യക്തമാക്കി.
കെസിഎയുടെ പരിശീലന ക്യാംപുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നു സഞ്ജു നേരത്തേ തന്നെ അറിയിച്ചിരുന്നതായും ശശി തരൂര്‍ അവകാശപ്പെട്ടു. ഈ സാഹചര്യത്തിലായിരുന്നു ജയേഷ് ജോര്‍ജ് വിമര്‍ശനവുമായി രംഗത്ത് വന്നത്. ഇത് സഞ്ജുവില്‍ വലിയ സമ്മര്‍ദ്ദമായി മാറി. ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി പരമ്പരയില്‍ സഞ്ജു തിളങ്ങിയതുമില്ല. അങ്ങനെ സഞ്ജുവിനെ പ്രതിസന്ധിയിലാക്കിയ പ്രസ്താവനയായി ജയേഷിന്റേത് മാറി. കെസിഎയ്‌ക്കെതിരെ സഞ്ജു വിമര്‍ശനമൊന്നും നടത്തിയിരുന്നില്ല. ശശി തരൂരായിരുന്നു എല്ലാം പറഞ്ഞത്. എന്തുകൊണ്ടാണ് എന്നിട്ടും സഞ്ജുവിനെ കടന്നാക്രമിച്ചതെന്ന് ആര്‍ക്കും അറിയാത്ത കാര്യവുമാണ്. അങ്ങനെ സഞ്ജുവിന്റെ മോശം ഫോമിലേക്ക് തള്ളിവിട്ട ആ വിവാദത്തിന് പിന്നാലെ ശ്രീശാന്തിനെ വിലക്കാനുള്ള വകുപ്പ് കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് കെസിഎ.