കൊളംബോ: ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിനെ തുടർന്ന് രാജ്യത്ത് ഉയർന്നുവന്ന കടുത്ത വിമർശനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക. ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഭാവി സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെമി ഫൈനൽ കാണാതെ പുറത്തായതോടെയാണ് രാജ്യത്ത് ടീമിനെതിരെ വലിയ വിമർശനങ്ങളുയർന്നത്.

ന്യൂസിലൻഡിനോട് 61 റൺസിന് തോറ്റതോടെയാണ് ശ്രീലങ്കയുടെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോടും ആതിഥേയർ പരാജയപ്പെട്ടിരുന്നു. ഡ്രസ്സിംഗ് റൂമിന് പുറത്തുനിന്നുള്ള കടുത്ത സമ്മർദ്ദം അവഗണിക്കാനാകില്ലെന്ന് ഷനക വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. "പലപ്പോഴും നമ്മൾ കാണുന്നതും കേൾക്കുന്നതും നെഗറ്റീവായ കാര്യങ്ങളാണ്. താരങ്ങൾ എത്ര പോസിറ്റീവാകാൻ ശ്രമിച്ചാലും പുറത്തുനിന്നുള്ള ഈ നെഗറ്റിവിറ്റി ശ്രീലങ്കൻ ക്രിക്കറ്റിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്," ഷനക പറഞ്ഞു.

"ഈ കായിക വിനോദത്തെ സംരക്ഷിക്കാൻ നമുക്ക് കഴിയുമോ എന്ന് എനിക്കറിയില്ല. മൈക്കുമായി പുറത്തുനിൽക്കുന്ന പലരും മത്സരം പോലും കാണാതെയാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്." വരാനിരിക്കുന്ന യുവതാരങ്ങളുടെ മാനസികാരോഗ്യവും ക്രിക്കറ്റിന്റെ ഭാവിയും സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകകപ്പിലെ തോൽവിയുടെ കാരണങ്ങൾ ടീമിന് അറിയാമെന്നും, അത് തിരുത്തുന്നതിനേക്കാൾ കൂടുതൽ ആളുകൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014ൽ കിരീടം നേടിയ ശേഷം നടന്ന അഞ്ച് ലോകകപ്പുകളിലും ശ്രീലങ്കയ്ക്ക് സെമി ഫൈനലിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇത്തവണ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളിൽ ബാറ്റിംഗ് നിര പതറിയതാണ് പ്രധാന തിരിച്ചടിയായി വിലയിരുത്തപ്പെടുന്നത്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ പിച്ച് റീഡ് ചെയ്യുന്നതിൽ ടീമിന് തെറ്റുപറ്റിയെന്ന് ഷനക സമ്മതിച്ചു. കിവീസ് സ്പിന്നർമാർക്ക് മുന്നിൽ തകർന്ന ലങ്കയ്ക്ക് 107 റൺസെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പർ-8 ഘട്ടത്തിൽ പാകിസ്ഥാനെതിരെയാണ് ശ്രീലങ്കയുടെ അവസാന മത്സരം.