ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിൽ 10 റൺസ് മാത്രം വേണ്ടിയിരുന്നിട്ടും സിംബാബ്​‍വെക്ക് ഏഴ് റൺസിന് പരാജയപ്പെടേണ്ടി വന്നു. 24-കാരനായ പേസ് ബൗളർ ദിൽഷൻ മധുശങ്കയുടെ ഹാട്രിക് പ്രകടനമാണ് ശ്രീലങ്കയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

299 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്​‍വെ മികച്ച നിലയിൽ ബാറ്റ് ചെയ്തു. 49 ഓവർ അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് എന്ന നിലയിലായിരുന്നു അവർ. 92 റൺസുമായി സികന്ദർ റാസയും 43 റൺസുമായി ടോണി മുൻയോങ്കയും ക്രീസിലുണ്ടായിരുന്നു. എന്നാൽ, അവസാന ഓവറിൽ കളി മാറുകയായിരുന്നു.

ആദ്യ പന്തിൽ തന്നെ സെഞ്ചുറിയിലേക്ക് കുതിച്ചിരുന്ന സികന്ദർ റാസയെ മധുശങ്ക പുറത്താക്കി. രണ്ടാം പന്തിൽ ബ്രാഡ് ഇവാൻസ് ഫെർണാണ്ടോയുടെ കൈകളിലേക്ക് ക്യാച്ച് നൽകി മടങ്ങി. തുടർച്ചയായ മൂന്നാം പന്തിൽ റിച്ചാർ നഗരവയെ ബൗൾഡ് ചെയ്തതോടെ മധുശങ്ക ഹാട്രിക് സ്വന്തമാക്കി. ഈ പ്രകടനത്തിലൂടെ സിംബാബ്​‍വെയുടെ വിജയ പ്രതീക്ഷകൾ തകർത്ത് ശ്രീലങ്കക്ക് ഏഴ് റൺസിന്റെ വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിസ്സങ്ക (76), ജനിത് ലിയാനഗെ (70 നോട്ടൗട്ട്), കമിൻഡു മെൻഡിസ് (57) എന്നിവരുടെ മികച്ച പ്രകടനത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയിരുന്നു. സിംബാബ്​‍വെയ്ക്കായി ബെൻ കറൻ (70), സീൻ വില്യംസ് (57) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല. ഈ വിജയത്തോടെ ശ്രീലങ്ക ഏകദിന പരമ്പരയിൽ മുന്നിലെത്തി.