- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാകിസ്ഥാനെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം; ഇനിയൊരിക്കലും കളിക്കരുത്; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം
കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന്, പാകിസ്ഥാനെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ് ഗോസ്വാമി ആവശ്യപ്പെട്ടു. നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഈ ആക്രമണത്തില്‍ 26 പേര്‍ ജീവന്‍ നഷ്ടപ്പെട്ടു.
ആക്രമണത്തിന് പാകിസ്ഥാന്റെ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുമ്പോഴും, ഔദ്യോഗികമായി ഇസ്ലാമാബാദ് ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നാലെയും ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്ന് ഗോസ്വാമിയുടെ അഭിപ്രായം.
കായികം രാഷ്ട്രീയത്തില്‍ നിന്ന് വേറെയായി കണക്കാക്കണമെന്ന് പറഞ്ഞവരോട്, പാകിസ്ഥാന്‍ സന്ദര്‍ശനം ഒഴിവാക്കിയ ഇന്ത്യന്‍ ടീം തീരുമാനത്തെ പിന്തുണച്ച് അദ്ദേഹം എക്സില്‍ പോസ്റ്റിലൂടെ പ്രതികരിച്ചു. ''ഭീകരതയെ സഹിക്കാനാവില്ല. അതിനാല്‍ ഇത്തരം രാജ്യങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കേണ്ട സമയം എത്തിയിട്ടുണ്ട്,'' എന്ന് ഗോസ്വാമി കുറിച്ചു.
'പാകിസ്ഥാന്റെ ദേശീയ കായിക വിനോദം നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തുകയാണെന്നും ദൃഢനിശ്ചയത്തോടെയും അന്തസോടെയും തിരിച്ചടിക്കേണ്ട സമയമാണിതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞു. 'ഇതുകൊണ്ടാണ് ഞാന്‍ പറയുന്നത് നിങ്ങള്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കരുതെന്ന്. ഇപ്പോഴും, ഇനിയൊരിക്കലും കളിക്കരുത്.
ബിസിസിഐയോ സര്‍ക്കാരോ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് ഇന്ത്യയെ അയയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍ ചിലര്‍ പറഞ്ഞത് കായികരംഗം രാഷ്ട്രീയത്തിന് അതീതമായി ഉയരണം എന്നായിരുന്നു. ശരിക്കും? കാരണം എന്റെ സ്ഥാനത്ത് നിന്ന് നോക്കുമ്പോള്‍ നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് അവരുടെ ദേശീയ കായിക വിനോദമാണെന്ന് തോന്നുന്നു. അവര്‍ അങ്ങനെയാണ് കളിക്കുന്നതെങ്കില്‍ അവര്‍ക്ക് ശരിക്കും മനസിലാവുന്ന ഭാഷയില്‍ നമ്മള്‍ പ്രതികരിക്കേണ്ട സമയമാണിത്. ബാറ്റും പന്തും ഉപയോഗിച്ചല്ല. പക്ഷേ ദൃഢനിശ്ചയത്തോടെ അന്തസ്സോടെ സീറോ ടോളറന്‍സോടെ, അദ്ദേഹം പറഞ്ഞു.
'എനിക്ക് ദേഷ്യം വരുന്നു. ആകെ തകര്‍ന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ലെജന്‍ഡ്സ് ലീഗിനായി ഞാന്‍ കശ്മീരിലായിരുന്നു. അന്ന് പഹല്‍ഗാമിലൂടെ നടന്നു, നാട്ടുകാരെ കണ്ടു, അവരുടെ കണ്ണുകളില്‍ പ്രതീക്ഷ തിരിച്ചുവരുന്നത് കണ്ടു. ഒടുവില്‍ സമാധാനം തിരിച്ചുവന്നതുപോലെ തോന്നി. ഇപ്പോള്‍, ഈ രക്തച്ചൊരിച്ചില്‍ വീണ്ടും. അത് നിങ്ങളുടെ ഉള്ളിലെ എന്തോ ഒന്ന് തകര്‍ക്കുന്നു. നമ്മുടെ ആളുകള്‍ മരിക്കുമ്പോള്‍ നമ്മള്‍ എത്ര തവണ നിശബ്ദത പാലിക്കണമെന്നും 'കായികമായി' തുടരണമെന്നും ഇത് നിങ്ങളെ ചോദ്യം ചെയ്യുന്നു. ഇനി വേണ്ട ഇങ്ങനെ ദാരുണ സംഭവങ്ങള്‍, ശ്രീവത്സ് ഗോസ്വാമി കുറിച്ചു.