ഇന്ത്യ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗാവസ്‌കര്‍ ആദ്യ മത്സരത്തില്‍ എഴുത്തുകള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ പതാകകള്‍ ഉയര്‍ത്തിപ്പിടിച്ചതിന് പ്രശസ്ത ഫാന്‍ ഗ്രൂപ്പായ 'ഭാരത് ആര്‍മി'യെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ ഏതൊരു മത്സരം നടന്നാലും അവിടെ എല്ലാം സ്ഥിരം സാന്നിധ്യമായ ഭാരത് ആര്‍മി ഇന്ത്യക്ക് വലിയ പിന്തുണ ലോകത്തെവിടെ കളത്തില്‍ ഇറങ്ങിയാലും നല്‍കിയിട്ടുണ്ട്.

2024-25 ലെ ആദ്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലെ റെക്കോര്‍ഡ് ജനക്കൂട്ടത്തിനിടയില്‍ ആര്‍മിയും ഉണ്ടായിരുന്നു. ആഘോഷത്തിനിടയില്‍ കൈകളില്‍ ഉള്ള ത്രിവര്‍ണ പതാകയില്‍ അവര്‍ തങ്ങളുടെ ആര്‍മിയുടെ പേര് എഴുതിയിട്ടുണ്ട്. അശോക ചക്ര'യില്‍, മധ്യഭാഗത്തും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

''ഇന്ത്യയില്‍ ഇത് അംഗീകരിക്കപ്പെടുന്നില്ലെന്ന് എനിക്കറിയാം. ഇവര്‍ ശരിക്കും ഇന്ത്യക്കാരാണെന്ന് തോന്നുന്നില്ല. ഇവരില്‍ എത്രപേര്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് എനിക്ക് തീര്‍ച്ചയില്ല, അതിനാല്‍ അവര്‍ക്ക് ഇന്ത്യന്‍ പതാകയുടെ മൂല്യവും പ്രസക്തിയും പ്രാധാന്യവും മനസ്സിലാകില്ല.'' ഇതിഹാസം പറഞ്ഞു.

'ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുന്നിടത്തെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അവര്‍ നല്‍കുന്ന പിന്തുണയ്ക്ക് ഞാന്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും വളരെ നന്ദിയുള്ളവരാണ്. എന്നാല്‍ ഇന്ത്യയുടെ പതാകയില്‍ അവരുടെ ഗ്രൂപ്പിന്റെ പേര് ഉണ്ടാകരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടേതായ ഒരു പുതിയ പതാക രൂപകല്‍പ്പന ചെയ്യുക. നിങ്ങള്‍ സ്വന്തമായി ഒരു പുതിയ പതാക രൂപകല്‍പന ചെയ്യുകയാണെങ്കില്‍, ഞാന്‍ അത് വളരെ സന്തോഷത്തോടെ കൈയില്‍ പിടിക്കും ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1999-ല്‍ മാഞ്ചസ്റ്ററിലാണ് ഭാരത് ആര്‍മി സ്ഥാപിതമായത്. തുടക്കത്തില്‍ വെറും നാല് സ്ഥാപക അംഗങ്ങളുമായി ആരംഭിച്ച ഗ്രൂപ്പ് ലോകമെമ്പാടുമുള്ള 160,000-ശക്തമായ സംഘമായി വികസിച്ചു.