- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തോൽവിക്ക് ശേഷം നേരെ പോയത് നെറ്റ്സിലേക്കാണ്, ഇന്ത്യൻ താരങ്ങൾ വിരാടിനെ കണ്ടുപഠിക്കണം'; അടുത്ത ടെസ്റ്റിൽ വിരാട് മികച്ച റൺ നേടിയാൽ അതിൽ അത്ഭുതമൊന്നും ഇല്ലെന്നും സുനിൽ ഗവാസ്കർ
പെർത്ത്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് വിരാട് കോഹ്ലി. താരത്തിന്റെ കഠിനാധ്വാനവും, അർപ്പണമനോഭാവവും എന്നും ചർച്ചയായിട്ടുള്ള വിഷയമാണ്. ഓസ്‌ട്രേലിയയുടെ നടക്കുന്ന ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. അഡ്ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയൻ വിജയം. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
രണ്ടാം മത്സരത്തിലെ തോൽവിക്ക് ശേഷം വിരാട് കോഹ്ലി മൂന്നാം മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. വിരാട് ആദ്യ മത്സരത്തിൽ സെഞ്ച്വറി തികച്ചിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ താരത്തിന് തിളങ്ങാനായില്ല. ആദ്യ ഇന്നിങ്സിൽ ഏഴ് റൺസിനും രണ്ടാം ഇന്നിങ്സിൽ 11 റൺസും മാത്രമാണ് വിരാട് കോഹ്ലിക്ക് നേടാനായത്.
തോൽവി കഴിഞ്ഞ് മണിക്കൂറുകൾ കഴിയുന്നതിന് മുമ്പ് തന്നെ വിരാട് കോഹ്ലി മൂന്നാം മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതോടെ താരത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ ബാറ്റർ സുനിൽ ഗവാസ്കർ. വിരാടിന്‍റെ ഈ ആത്മാർത്ഥതയെയും സമർപ്പണത്തെയും മറ്റ് താരങ്ങൾ കണ്ട് പഠിക്കണമെന്ന് ഗവാസ്കർ പറഞ്ഞു. രണ്ടാം മത്സരത്തിൽ പരാജയമായിരുന്നുവെങ്കിലും വിരാട് അത് മറികടക്കുമെന്ന് ഗവാസ്കർ പറഞ്ഞു.
'അഡ്ലെയ്ഡിലെ ടീമിന്‍റെ തോൽവിക്ക് ശേഷം വിരാട് കോഹ്ലി നേരെ പോയത് നെറ്റ്സിലേക്കാണ്, ഇത് അദ്ദേഹത്തിന്‍റെ സമർപ്പണത്തെയാണ് സൂചിപ്പിക്കുന്നത്. മറ്റ് ഇന്ത്യൻ താരങ്ങൾ വിരാടിന്‍റെ പാത പിന്തുടരണം എന്നാണ് എന്‍റെ ആഗ്രഹം. അവൻ രണ്ടാം ടെസ്റ്റിൽ പരാജയമായിരുന്നു. എന്നാൽ അവൻ ഇന്ത്യക്ക് വേണ്ട് കളിക്കുന്നതിൽ അഭിമാനം കൊള്ളുന്നുണ്ട്. ടീമിന് വേണ്ടി സംഭാവന ചെയ്യുവാനും അവൻ ആഗ്രഹിക്കുന്നുണ്ട്.
ഒരു ഇന്ത്യൻ താരത്തിന്‍റെ ഭാഗത്ത് നിന്നും കാണാൻ ആഗ്രഹിക്കുന്ന എല്ലാ തരത്തിലുള്ള ഹാർഡ് വർക്കും വിരാട് ചെയ്യുന്നുണ്ട്. എല്ലാ വിധ തയ്യാറെടുപ്പുകൾ നടത്തിയിട്ടും വീണ്ടും പരാജയമായാൽ കുഴപ്പമില്ല അത് സ്പോർട്സിൽ പറ്റാവുന്നതാണ്. അടുത്ത ടെസ്റ്റിൽ അവൻ മികച്ച റൺ നേടിയാൽ എനിക്ക് ഞെട്ടലൊന്നുമുണ്ടാകില്ല,' ഗവാസ്കർ പറഞ്ഞു.
ഈ വർഷം ടെസ്റ്റിൽ കോഹ്‌ലിക്ക് ടെസ്റ്റിൽ കാര്യമായ പ്രകടങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. 8 മത്സരങ്ങളിൽ നിന്ന് 26.64 ശരാശരിയിൽ 373 റൺസ് മാത്രമാണ് താരം നേടിയത്. ബ്രിസ്ബെയ്നിലെ ഗാബ്ബയിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ഡിസംബർ 14നാണ് മത്സരം ആരംഭിക്കുന്നത്. 1-1 എന്ന നിലയിൽ നിൽക്കുന്ന പരമ്പരയിൽ മൂന്നാം മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.