ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ 600 വിക്കറ്റ് ക്ലബിൽ ഇടം നേടി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്ൻ. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ (681 വിക്കറ്റ്), വിൻഡീസിന്റെ ഡ്വെയ്ൻ ബ്രാവോ (631 വിക്കറ്റ്) എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ താരമാണ് നരെയ്ൻ. ഐ.എൽ.ടി 20 ചാമ്പ്യൻഷിപ്പിൽ അബുദബി നൈറ്റ് റൈഡേഴ്സിനായി ഷാർജ വാരിയേഴ്സിനെതിരായ മത്സരത്തിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഷാർജ വാരിയേഴ്സിനെതിരായ മത്സരത്തിലെ ആദ്യ ഓവറിൽ വിക്കറ്റ് വീഴ്ത്തിയാണ് 600 എന്ന മാന്ത്രിക സംഖ്യയിലേക്ക് നരെയ്ൻ എത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ ചാമ്പ്യൻഷിപ്പുകളിലുമായി 568 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്റെ ഈ വിക്കറ്റ് നേട്ടം. കരിയറിലുടനീളം 6.16 എന്ന മികച്ച ഇക്കണോമി റേറ്റ് നിലനിർത്തിക്കൊണ്ടാണ് ഈ നേട്ടം സുനിൽ നരെയ്ൻ കരസ്ഥമാക്കിയത്.

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി മാത്രമാണ് സുനിൽ നരെയ്ൻ കളിച്ചിട്ടുള്ളത്. കെ.കെ.ആറിനായി 189 മത്സരങ്ങളിൽ കളത്തിലിറങ്ങിയ അദ്ദേഹം, വിരാട് കോഹ്‌ലി, കീരോൺ പൊള്ളാർഡ് എന്നിവർക്കൊപ്പം ഒരു ടീമിനുവേണ്ടി 150-ൽ അധികം മത്സരങ്ങൾ കളിച്ച മൂന്ന് കളിക്കാരരിൽ ഒരാളാണ്. കൂടാതെ, ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (192) നേടിയ വിദേശതാരം എന്ന റെക്കോർഡും നരെയ്ന്റെ പേരിലാണ്.

2012-ൽ വെസ്റ്റിൻഡീസിനായി അരങ്ങേറ്റം കുറിച്ച സുനിൽ നരെയ്ൻ, ട്രിനിഡാഡ് ആൻഡ് ടുബാഗോ, സിഡ്നി സിക്സേഴ്സ്, ഗയാന വാരിയേഴ്സ്, കേപ് കോബ്രാസ്, മെൽബൺ റെനെഗേഡ്സ്, ലാഹോർ ഖലന്താഴ്സ്, ധാക്ക ഡൈനാമിറ്റ്സ്, ഓവൽ ഇൻവിൻസിബിൾസ്, ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ് തുടങ്ങിയ നിരവധി ടീമുകൾക്കായും പന്തെറിഞ്ഞിട്ടുണ്ട്.