മുംബൈ: ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഈ നീക്കം പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ തകർച്ചയിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഐസിസി ചെയർമാൻ ജയ് ഷാ മുൻപ് വ്യക്തമാക്കിയ നിലപാടുകൾ ഓർമ്മിപ്പിച്ച റെയ്‌ന, ഐസിസിയെ വെല്ലുവിളിച്ചാൽ പാക് ക്രിക്കറ്റിന്‍റെ ഭാവി അപകടത്തിലാകുമെന്നും ചൂണ്ടിക്കാട്ടി.

സുരക്ഷാ പ്രശ്‌നങ്ങൾ ഉന്നയിച്ച് ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാട് തെറ്റായിരുന്നുവെന്നും റെയ്‌ന പറഞ്ഞു. ഇന്ത്യയിൽ കളിക്കാർക്ക് എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നിട്ടും ബംഗ്ലാദേശ് വരാതിരുന്നത് അവരുടെ മാത്രം തെറ്റാണ്. ലോകത്തിലെ മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന വേദിയിൽ കളിക്കാനാവാത്തത് ആ ടീമിന് വലിയ കായിക-സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് ബഹിഷ്‌കരിക്കാൻ നീക്കം നടത്തുന്ന പാക് ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്‌സിൻ നഖ്‌വിക്കുള്ള താക്കീതായും റെയ്‌നയുടെ വാക്കുകൾ മാറി.

ജയ് ഷാ നേരത്തെ വ്യക്തമാക്കിയത് പോലെ, ഇന്ത്യയിലേക്ക് വരാൻ തയ്യാറാകാത്ത ബോർഡുകൾക്കെതിരെ ഐസിസി സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കും. ലോകകപ്പ് ബഹിഷ്‌കരിച്ചാൽ പാക്കിസ്ഥാന്റെ ഐസിസി ഫണ്ടും പാക്കിസ്ഥാൻ സൂപ്പർ ലീഗിനായുള്ള (പി.എസ്.എൽ) വിദേശ താരങ്ങളുടെ അനുമതിയും റദ്ദാക്കപ്പെട്ടേക്കാമെന്നും ഇത് പാക് ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് തന്നെ കാരണമാകുമെന്നും റെയ്‌ന പറഞ്ഞു.