- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയില്ല; ചെന്നൈയില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുക പുതിയ ക്യാപ്റ്റന്‍; മൂന്ന് ക്യാപ്റ്റന്‍മാര്‍ ടീമിലുള്ള തന്റെ ഭാഗ്യമാണെന്നും ഹാര്‍ദ്ദിക്ക്; ഇത്തവണ സമവായ നീക്കം; ആരാധകര്‍ തിരിച്ചെത്തുമോ
ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയില്ല
മുംബൈ: ഐപിഎല്ലില്‍ കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറന്ന് കരുത്തുറ്റ നിരയുമായി കിരീടം തിരികെപ്പിടിക്കാനുള്ള ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാമ്പ്. പ്രമുഖ താരങ്ങള്‍ എത്തിയതോടെ പരിശീലന കളരി ഉണര്‍ന്നു കഴിഞ്ഞു. നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് എതിരെ കഴിഞ്ഞ തവണ ഉയര്‍ന്ന ആരാധകരുടെ അമര്‍ഷവും ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്. ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് പിന്നാലെ നടക്കുന്ന ഐപിഎല്‍ ഏറെ ആവേശകരമാക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
അതേ സമയം ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈയെ നയിക്കാന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുണ്ടാവില്ല. കഴിഞ്ഞ ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഹാര്‍ദ്ദിക്കിന് ഏര്‍പ്പെടുത്തിയ ഒരു മത്സര വിലക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ നായകന്‍ പുറത്താവാന്‍ കാരണമായത്. ഇതോടെ ആദ്യ മത്സരത്തില്‍ ആരാകും മുംബൈയെ നയിക്കുക എന്ന ചോദ്യത്തിന് ഹാര്‍ദ്ദിക് തന്നെ ഇന്ന് ഉത്തരം നല്‍കി. ഇന്ത്യയുടെ ടി20 ടീം നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവായിരിക്കും ആദ്യ മത്സരത്തില്‍ മുംബൈയെ നയിക്കുകയെന്ന് ഹാര്‍ദ്ദിക് പറഞ്ഞു.
അടുത്ത സീസണില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആരായിരിക്കുമെന്ന് മുംബൈ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്യാപ്റ്റനായി അനുഭവ സമ്പത്തുള്ള രോഹിത് താല്‍ക്കാലികമായെങ്കിലും ടീമിന്റെ നായകനാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ സൂര്യകുമാര്‍ യാദവിന്റെ പേരാണു മുന്നോട്ടുവച്ചത്.
ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാണു 34 വയസ്സുകാരനായ സൂര്യകുമാര്‍ യാദവ്. ഇന്ത്യയെ 22 മത്സരങ്ങളില്‍ നയിച്ചിട്ടുള്ള സൂര്യകുമാര്‍ യാദവ് 17 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2023ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയുടെ ക്യാപ്റ്റന്‍. ആ മത്സരത്തില്‍ രോഹിത് ശര്‍മ ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായാണു കളിക്കാനിറങ്ങിയത്.
ഈ മാസം 23ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. സീസണില്‍ ഇരു ടീമുകളുടെയും ആദ്യ മത്സരം കൂടിയാണിത്. 2024 ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഐപിഎല്‍ അച്ചടക്ക സമിതി ഹാര്‍ദ്ദിക്കിന് 30 ലക്ഷം രൂപ പിഴ ചമുത്തുകയും ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്തത്.
മൂന്ന് ക്യാപ്റ്റന്‍മാര്‍ ടീമിലുള്ള തന്റെ ഭാഗ്യമാണെന്നും ഹാര്‍ദ്ദിക്ക് വ്യക്തമാക്കി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും സൂര്യകുമാര്‍ യാദവും തനിക്ക് എന്തുകാര്യത്തിനും എപ്പോഴും സമീപിക്കാവുന്നവരാണെന്നും ഹാര്‍ദ്ദിക് പറഞ്ഞു. കഴിഞ്ഞ സീസണ്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ ടീം ഉടച്ചുവാര്‍ത്ത് എത്തുന്നതിനാല്‍ പുതിയ പ്രതീക്ഷകളോടെയാണ് ഗ്രൗണ്ടിലിറങ്ങുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മക്ക് പകരം ക്യാപ്റ്റനായ ഹാര്‍ദ്ദിക്കിനെ മുംബൈയിലെ കാണികള്‍ മത്സരത്തിന് മുമ്പും ടോസ് സമയത്തുമെല്ലാം കൂവിയിരുന്നു. ഗുജറാത്ത് നായകനെന്ന നിലയില്‍ ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം സമ്മാനിക്കുകകയും രണ്ടാം സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കുകയും ചെയ്ത ഹാര്‍ദ്ദിക്കിന് പക്ഷെ മുംബൈയിലേക്കുള്ള നായകനായുള്ള തിരിച്ചുവരവില്‍ മികവ് കാട്ടാനായിരുന്നില്ല.
കഴിഞ്ഞ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ പത്തിലും തോറ്റ മുംബൈ എട്ട് പോയന്റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കളിക്കാരനെന്ന നിലയിലും ഹാര്‍ദ്ദിക് നിരാശപ്പെടുത്തിയിരുന്നു. 14 മത്സരങ്ങളില്‍ 18 ശരാശരിയില്‍ 216 റണ്‍സസ് നേടാനെ ഹാര്‍ദ്ദിക്കിന് കഴിഞ്ഞിരുന്നുള്ളു.