- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പവർപ്ലേയിൽ തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടമായി, അവൻ എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല'; ബാറ്റിങിനിടെ ഇഷാനോട് ദേഷ്യം വന്നുവെന്ന് സൂര്യകുമാർ യാദവ്

റായ്‌പുർ: ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇഷാൻ കിഷനോട് ദേഷ്യം തോന്നിയതായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സമ്മർദത്തിലായിരുന്ന പവർപ്ലേ ഓവറുകളിൽ സ്ട്രൈക്ക് കൈമാറാൻ ഇഷാൻ തയാറാകാത്തതാണ് സൂര്യകുമാറിനെ പ്രകോപിപ്പിച്ചത്. എങ്കിലും, പ്രതിസന്ധിയിൽ ടീമിനെ കരകയറ്റിയ ഇഷാനെ മത്സരശേഷം സൂര്യകുമാർ അഭിനന്ദിക്കുകയും ചെയ്തു. ഇഷാന്റെ തക്രാപ്പാണ് ബാറ്റിങാണ് ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ജയം സമ്മാനിച്ചത്.
209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ അഭിഷേക്, സഞ്ജു എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടിരുന്നു. രണ്ട് വിക്കറ്റിന് ആറ് റൺസ് എന്ന നിലയിൽ നിന്ന് പവർപ്ലേ അവസാനിക്കുമ്പോൾ സ്കോർ 60-ൽ എത്തിച്ച ഇഷാൻ കിഷന്റെയും സൂര്യകുമാർ യാദവിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്ത് പകർന്നത്.
"ഇഷാൻ എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. പവർപ്ലേയിൽ തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആറ് റൺസെന്ന നിലയിൽ നിന്ന് പവർപ്ലേ അവസാനം 60 എന്ന സ്കോറിൽ എത്തുന്ന ബാറ്റിങ് ഞാനിതുവരെ കണ്ടിട്ടില്ല. സത്യത്തിൽ ബാറ്റർമാരിൽ നിന്ന് അതാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. പവർപ്ലേയിൽ സ്ട്രൈക്ക് കൈമാറിയിരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു. പക്ഷേ ഞാനത് അടക്കിപ്പിടിച്ചു," മത്സരശേഷമുള്ള അവതരണത്തിൽ സൂര്യകുമാർ യാദവ് പറഞ്ഞു.
രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ഇഷാൻ കിഷൻ 32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടി. ഈ പ്രകടനത്തോടെ വൺ ഡൗൺ സ്ഥാനത്ത് തന്റെ സ്ഥാനം ഇഷാൻ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 37 പന്തിൽ 82 റൺസുമായി ഇന്ത്യൻ സ്കോറിന് കൂടുതൽ കരുത്ത് പകർന്നു. ട്വന്റി 20 കരിയറിൽ 23 ഇന്നിങ്സുകൾക്ക് ശേഷമാണ് സൂര്യകുമാറിന് ഒരു അർധ സെഞ്ചുറി നേടാൻ കഴിഞ്ഞത്. നെറ്റ്സിൽ നടത്തിയ മികച്ച പരിശീലനമാണ് കളിക്കളത്തിൽ പ്രയോജനപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ ന്യൂസീലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 110 റൺസിലെത്തിയപ്പോൾ അവരുടെ സ്കോർ 230 കടക്കുമെന്ന് താൻ കരുതിയെന്നും, എന്നാൽ ബോളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും സൂര്യകുമാർ വ്യക്തമാക്കി. ടീം ഇപ്പോൾ ആത്മവിശ്വാസത്തിലാണെന്നും നിലവിലെ പ്രകടനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റായ്‌പുരിൽ ഇന്ത്യ ചേസ് ചെയ്ത് കീഴടക്കുന്ന ഏറ്റവും ഉയർന്ന വിജയലക്ഷ്യം കൂടിയായിരുന്നു ഇത്.


