- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് പറന്നുപിടിച്ച സൂര്യ; ഫൈനലിലെ ബൗണ്ടറി ലൈനില്‍ കൃത്രിമമില്ല; നേരത്തേ തീരുമാനിച്ച ഇടമെന്നു സംഘാടകര്‍
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ കിരീടധാരണത്തില്‍ വഴിത്തിരിവായത് അവസാന ഓവറിലെ ആദ്യ പന്തില്‍ വീണ ഡേവിഡ് മില്ലറുടെ നിര്‍ണായക വിക്കറ്റായിരുന്നു. യഥാര്‍ത്ഥത്തില്‍ നന്ദി പറയേണ്ടത് സൂര്യകുമാര്‍ യാദവിനോടാണ്. അത്രയും ഗംഭീര ക്യാച്ചിലൂടെയാണ് സൂര്യ മില്ലറെ പുറത്താക്കുന്നത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ ജയിക്കുന്നത്. 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്.
52 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍ 17-ാം ഓവറിലാണ് മടങ്ങുന്നത്. അവിടെ വച്ച് കളി മാറുകയും ചെയ്തു. എങ്കിലും മില്ലര്‍ ക്രീസിലുള്ളത് ഇന്ത്യക്ക് ഭീഷണിയായിരുന്നു. ഹാര്‍ദിക് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ മില്ലര്‍ ആയിരുന്നു സ്ട്രൈക്ക്. 16 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ മില്ലര്‍ ലോങ് ഓഫിലൂടെ സിക്സര്‍ പായിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബൗണ്ടറി ലൈനില്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ ഒതുങ്ങി.
ക്യാച്ചെടുക്കാന്‍ ഒരു ലോംഗ് സ്ട്രെച്ച് തന്നെ നടത്തി സൂര്യ. ഒരുവേളയില്‍ നിയന്ത്രണം വിട്ട് അദ്ദേഹം ബൗണ്ടറി ലൈനിലേക്ക് അപ്പുറം പോയി. അപ്പോഴേക്കും അദ്ദേഹം പന്ത് ഗ്രൗണ്ടിനുള്ളിലേക്ക് ഇട്ടിരിരുന്നു. പിന്നീട് നിയന്ത്രണമേറ്റെടുത്ത ശേഷം പന്ത് കയ്യിലൊതുക്കുകയായിരുന്നു. മില്ലര്‍ക്ക് വിശ്വസിക്കാന്‍ പോലുമായില്ല.
മില്ലറുടെ പുറത്താകലോടെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കു മുന്നില്‍ വീണു. ഏഴു റണ്‍സ് വിജയമാണ് ഇന്ത്യ മത്സരത്തില്‍ നേടിയത്. ഇതോടെ രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടമെന്ന ടീം ഇന്ത്യയുടെ സ്വപ്നവും സഫലമായി.
അതേസമയം ഡേവിഡ് മില്ലറുടെ ക്യാച്ച് എടുക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നെന്നും, ബൗണ്ടറി ലൈനിലെ റോപ് ഇടം മാറിയാണു കിടന്നിരുന്നതെന്നും സമൂഹമാധ്യമത്തില്‍ ചിലര്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ബൗണ്ടറി റോപ് ഇടം മാറിയല്ല കിടന്നിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഫൈനല്‍ നടന്ന ഗ്രൗണ്ടില്‍ മാര്‍ക് ചെയ്ത പോലെ കാണുന്ന ഇടമല്ല ബൗണ്ടറി ലൈന്‍. മത്സര സമയം മുഴുവന്‍ ബൗണ്ടറി റോപ് ഇതേ രീതിയിലാണു കിടന്നിരുന്നതെന്നും സംഘാടകര്‍ വിശദീകരിച്ചു.
ഗ്രൗണ്ടിലെ ബൗണ്ടറി ലൈന്‍ ഏതാണെന്നു നേരത്തേ തീരുമാനിച്ചതാണ്. ബൗണ്ടറിയിലേക്കുള്ള ദൂരം കൃത്യമാക്കാന്‍ വേണ്ടി സാധാരണയുള്ള മാര്‍ക്കില്‍നിന്ന് കുറച്ച് അകലേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും ഒരു സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബാര്‍ബഡോസിലെ ഇതേ പിച്ചില്‍ അവസാനം നടന്ന മത്സരത്തിനായി അടയാളപ്പെടുത്തിയ ലൈനാണ് ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്.