തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത്തെ ടി-20 മത്സരത്തിൽ, ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് 44 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യമായ 236 റൺസിന് അടുത്തെത്താൻ പോലും ഓസീസിന് ആയില്ല. 9 വിക്കറ്റ് നഷ്ടത്തിൽ, 191 റൺസിന് ഓസീസ് ഇന്നിങ്‌സ് അവസാനിച്ചു. ഇതോടെ, അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ-2-0 ത്തിന് മുന്നിലായി.

പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്‌ണോയിയും കൊടുങ്കാറ്റായതോടെ ഓസീസിന് 200 പോലും കടക്കാനായില്ല. ഇരുവർക്കും മൂന്നുവിക്കറ്റ് വീതം ലഭിച്ചു. ഓസീസിനായി സ്റ്റീവ് സ്മിത്ത് - മാത്യു ഷോട്ട് ഓപ്പണിങ് സഖ്യത്തിന് മികച്ച തുടക്കം കിട്ടിയതോടെ കൂട്ടുകെട്ട് പൊളിക്കാൻ, മൂന്നാം ഓവറിൽ രവി ബിഷ്ണോയിക്ക് സൂര്യകുമാർ യാദവ് പന്ത് കൈമാറിയതോടെ, കാര്യങ്ങൾ മാറിമറിഞ്ഞു. 10 പന്തിൽ 19 റൺസെടുത്ത മാത്യു ഷോട്ട് പുറത്തിയായി. പകരം വന്ന ജോഷ് ഇംഗ്ലിസിനെയും (2) പവലിയനിലേക്ക് അയച്ചോടെ ഓസീസ് കുഴപ്പത്തിലായി.

ഒറ്റയ്ക്ക് കളി ജയിപ്പിക്കുന്ന ഗ്ലെൻ മാക്സ്വെല്ലിനെ (12) അക്ഷർ പട്ടേൽ വീഴ്‌ത്തി. പിന്നാലെ എട്ടാം ഓവറിൽ സ്മിത്തും (19) പുറത്തായതോടെ, ഓസീസ് നാലിന് 58 എന്ന നിലയിലായി. കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിലായെന്ന് കരുതിയെങ്കിലും, അഞ്ചാം വിക്കറ്റിൽ മാർക്കസ് സ്റ്റോയ്നിസ് - ടിം ഡേവിഡ് സഖ്യം ഇന്ത്യയ്ക്ക് വെല്ലുവിളിയായി. ഇരുവരും ചേർന്ന് 13.2 ഓവറിൽ 139-ൽ എത്തിച്ചു.

.

എന്നാൽ 14-ാം ഓവറിലെ നാലാം പന്തിൽ ടിം ഡേവിഡിനെ വീഴ്‌ത്തി ബിഷ്ണോയ് വീണ്ടും രക്ഷകനായി. 22 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 37 റൺസാണ് ഡേവിഡ് സ്വന്തമാക്കിയത്. 25 പന്തിൽ നിന്ന് നാല് സിക്സും രണ്ട് ഫോറുമടക്കം 45 റൺസെടുത്ത സ്റ്റോയ്നിസിനെ മടക്കി മുകേഷ് കുമാറും ടീമിന്റെ പ്രതീക്ഷ കാത്തു. ക്യാപ്റ്റൻ മാത്യു വെയ്ഡ് 23 പന്തിൽ നിന്ന് നാല് സിക്സും ഒരു ഫോറുമടക്കം 42* റൺസുമായി 200 കടത്താൻ നോക്കിയെങ്കിലും, നിരാശയായി ഫലം.

നേരത്തെ യശ്വസി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ് എന്നിവരുടെ അർദ്ധ സെഞ്ചറികളും അഞ്ചാമനായി ഇറങ്ങിയ റിങ്കു സിങ്ങിന്റെ തകർപ്പനടിയുമാണ് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. സ്‌കോർ: ഇന്ത്യ: നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ്. ഓസ്‌ട്രേലിയ 191-9

ടോസ് നേടിയ ഓസീസ് നയകൻ മാത്യു വേഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. യശസ്വി-യെയ്ക്വാദ് കൂട്ടുകെട്ട് 5.5 ഓവറിൽ ഓപ്പണിങ് വിക്കറ്റിൽ 77 റൺസ് ചേർത്തു. 25 പന്തിൽ 53 റൺസെടുത്ത് ജയ്‌സ്വാൾ പുറത്തായതിന് പിന്നാലെ ഇഷാൻ കിഷൻ ഗെയ്കുവാദുമായി ചേർന്ന് സ്‌കോർ 100 കടത്തി. 29 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഇഷാനെ മാർകസ് സ്റ്റോയിനിസ് ആണ് പുറത്താക്കിയത്. 52(32).

അവസാന ഓവറിൽ പുറത്താകും മുമ്പ് ഗെയ്ക്വാദും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 58(43). റിങ്കു സിങ് 9 പന്തിൽ 31 റൺസെടുത്ത് പുറത്താകാതെ നിന്നു. റിങ്കു നാല് ഫോറും രണ്ട് സിക്സും പറത്തി. ക്യാപ്റ്റൻ സൂര്യകുമാർ 10 പന്തിൽ നിന്ന് 19 റൺസുമായി മടങ്ങി. തിലക് വർമ രണ്ട് പന്തിൽ നിന്ന് ഏഴ് റൺസെടുത്തു.

ഓസ്‌ട്രേലിയ ടീമിൽ രണ്ടുമാറ്റങ്ങൾ വരുത്തി. ലോക കപ്പ് നേടിയ ടീമംഗങ്ങളായ ഗ്ലെൻ മാക്‌സ്വെല്ലിനെയും, ആദം സാംപയെയും ജേസൺ ബെഹ്രഡോർഫിനും, ആരൺ ഹാർഡിക്കും പകരം ഉൾപ്പെടുത്തി. ഇന്ത്യ അതേ ടീമിനെ നിലനിർത്തി.