- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെർത്തിൽ ഇടിമിന്നലായി 'കില്ലർ' മില്ലർ; മുൻനിരയെ അർഷ്ദീപ് തകർത്തിട്ടും അർദ്ധ സെഞ്ചുറിയോടെ രക്ഷകരായി മില്ലറും മാർക്രവും; അവസാന ഓവർ ത്രില്ലറിൽ പ്രോട്ടീസിന് ജയം; ഇന്ത്യയെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്; സെമി ബർത്തിനരികെ
പെർത്ത്: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ-12ലെ നിർണായക പോരാട്ടത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം നാലാം വിക്കറ്റിൽ ഒന്നിച്ച ഏയ്ഡൻ മാർക്രം - ഡേവിഡ് മില്ലർ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ഇരുവരും അർധ സെഞ്ചുറി നേടി.
ഇന്ത്യ മുന്നോട്ടുവെച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പ്രോട്ടീസ് മറികടന്നു. മില്ലർ 46 പന്തിൽ 59 റൺസുമായി പുറത്താകാതെനിന്നു. നേരത്തെ നാല് വിക്കറ്റ് നേടിയ ലുങ്കി എൻഗിഡിയും മൂന്ന് പേരെ പുറത്താക്കിയ വെയ്ൻ പാർനലും ഇന്ത്യയെ 20 ഓവറിൽ 9 വിക്കറ്റിന് 133 എന്ന സ്കോറിലൊതുക്കിയിരുന്നു. മുൻ മത്സരങ്ങളിൽ പാക്കിസ്ഥാനെയും നെതർലൻഡ്സിനെയും പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇന്ന് ജയിച്ചിരുന്നെങ്കിൽ സെമി ഉറപ്പിക്കാമായിരുന്നു.
പ്രോട്ടീസ് മുൻനിരയെ തകർത്താണ് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് തുടങ്ങിയത്. ഇന്നിങ്സിലെ രണ്ടാം ഓവറിൽ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡികോക്കിനെയും(3 പന്തിൽ 1), റൈലി റൂസ്സേയേയും(2 പന്തിൽ 0) അർഷ് മടക്കി. ആറാം ഓവറിലെ നാലാം പന്തിൽ നായകൻ തെംബാ ബാവുമയെ മുഹമ്മദ് ഷമിയും പറഞ്ഞയച്ചു. പവർപ്ലേ പൂർത്തിയാകുമ്പോൾ 24-3 എന്ന സ്കോറിലായിരുന്നു ദക്ഷിണാഫ്രിക്ക.
പിന്നാലെ ക്യാച്ച്, റണ്ണൗട്ട് അവസരങ്ങൾ കളഞ്ഞുകുളിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഏയ്ഡൻ മാർക്രം 39 പന്തിൽ 50 തികച്ചതോടെ പ്രോട്ടീസ് ട്രാക്കിലായി. മറുവശത്ത് ഡേവിഡ് മില്ലറും താളംകണ്ടെത്തി. 41 പന്തിൽ 52 റൺസെടുത്ത മാർക്രമിനെ ഹാർദിക് പാണ്ഡ്യ 15.4 ഓവറിൽ പുറത്താക്കി.എങ്കിലും 18-ാം ഓവറിൽ അശ്വിനെ രണ്ട് സിക്സിന് പറത്തിയ മില്ലർ ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകൾ നിലനിർത്തി. പിന്നാലെ രണ്ട് പന്ത് ബാക്കിനിൽക്കേ കളി പ്രോട്ടീസിന്റെ വരുതിയിലാക്കുകയായിരുന്നു മില്ലർ.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 133 റൺസ് മാത്രം. പെർത്ത് പിച്ചിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കെതിരേ ഇന്ത്യൻ മുൻനിര തകർന്നപ്പോൾ ഒറ്റയ്ക്ക് പോരാടിയ സൂര്യകുമാർ യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ 133-ൽ എത്തിച്ചത്. 40 പന്തുകൾ നേരിട്ട സൂര്യ മൂന്ന് സിക്സും ആറ് ഫോറുമടക്കം 68 റൺസെടുത്തു. 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലുങ്കി എൻഗിഡിയും 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ൻ പാർനെലുമാണ് ഇന്ത്യയെ തകർത്തത്.
പേസർമാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന പെർത്ത് പിച്ച് തനിസ്വരൂപം പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ നിറഞ്ഞാടി. അഞ്ചാം ഓവറിൽ ലുങ്കി എൻഗിഡിയുടെ പന്തിന്റെ ബൗൺസ് മനസിലാക്കുന്നതിൽ പിഴച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം പുറത്തായത്. 14 പന്തിൽ നിന്ന് 15 റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെ അതേ ഓവറിലെ അവസാന പന്തിൽ കെ.എൽ രാഹുലിനെയും (9) എൻഗിഡി മടക്കി.
നന്നായി തുടങ്ങിയ ഇൻഫോം ബാറ്റർ വിരാട് കോലിയുടെ ഊഴമായിരുന്നു അടുത്തത്. 11 പന്തിൽ നിന്ന് 12 റൺസെടുത്ത കോലിയെ റബാദ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അക്ഷർ പട്ടേലിന് പകരം ടീമിലെത്തിയ ദീപക് ഹൂഡയ്ക്ക് (0) അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല. ആന്റിച്ച് നോർക്യയുടെ പന്തിൽ ഹൂഡ ഡിക്കോക്ക് പിടിച്ച് പുറത്താകുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഒരറ്റത്ത് അപ്പോഴും ബൗണ്ടറികൾ നേടുന്നുണ്ടായിരുന്നു. എന്നാൽ ആറാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്കും ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. വെറും രണ്ടു റൺസ് മാത്രമെടുത്ത താരത്തെയും എൻഗിഡിയുടെ പന്തിൽ റബാദ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി.
പിന്നാലെ ക്രീസിൽ ഒന്നിച്ച സൂര്യകുമാർ - ദിനേഷ് കാർത്തിക്ക് സഖ്യം 52 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ 100 കടത്തി. അർധ സെഞ്ചുറി നേടിയ സൂര്യ തന്നെയായിരുന്നു സ്കോറിങ്ങിൽ മുന്നിൽ. പിന്നാലെ 16-ാം ഓവറിൽ കാർത്തിക്ക് മടങ്ങി. 15 പന്തിൽ നിന്ന് ആറു റൺസെടുത്ത താരത്തെ വെയ്ൻ പാർനൽ പുറത്താക്കുകയായിരുന്നു. അശ്വിൻ ഏഴു റൺസെടുത്തു.
സ്പോർട്സ് ഡെസ്ക്