ജയ്പൂർ: ഐപിഎൽ ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കി അമേരിക്കൻ വ്യവസായ ഭീമൻ. ഇൻട്രാഎഡ്ജ് സ്ഥാപകൻ കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,300 കോടി രൂപ) ടീമിനെ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. വാൾമാർട്ട് ഗ്രൂപ്പിലെ റോബ് വാൾട്ടൺ, ഹാംപ് ഫാമിലി എന്നിവരുടെ പിന്തുണയോടെയാണ് സോമാനി ഈ അവിശ്വസനീയമായ കരാർ ഉറപ്പിച്ചത്.

ഐപിഎൽ 2026 സീസണിന് ശേഷമാകും ഈ ഉടമസ്ഥാവകാശ മാറ്റം ഔദ്യോഗികമായി നിലവിൽ വരിക. ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ടീം വിൽപനയാണിത്. കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിന്റെ 67 ശതമാനം ഓഹരികൾ ടോറന്റ് ഗ്രൂപ്പ് 5,025 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള എമർജിംഗ് മീഡിയ ഗ്രൂപ്പിന്റെ കൈവശമുള്ള 65 ശതമാനം ഓഹരികളാണ് സോമാനിയുടെ സംഘം ഏറ്റെടുക്കുന്നത്.

ആരാണ് ഈ കൽ സോമാനി?

അമേരിക്കയിലെ അരിസോണ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംരംഭകനാണ് കൽ സോമാനി. എഡ്-ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഇൻട്രാഎഡ്ജ് ട്രുയോ, ട്രുയോ എഐ എന്നീ കമ്പനികളുടെ അമരക്കാരനാണ്. കായികരംഗത്ത് പുത്തൻ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിൽ തൽപരനായ സോമാനി, ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സ്, റോറി മക്‌ലോറി എന്നിവർക്കൊപ്പം ടിജിഎൽ ഗോൾഫ് ലീഗിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

2021 മുതൽ രാജസ്ഥാൻ റോയൽസിൽ നിക്ഷേപമുള്ള സോമാനി, ഐപിഎല്ലിന്റെ ആഗോള വളർച്ച മുന്നിൽക്കണ്ടാണ് ഇപ്പോൾ ടീമിനെ പൂർണ്ണമായും സ്വന്തമാക്കുന്നത്. ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ് തുടങ്ങിയ ഇന്ത്യൻ വമ്പൻമാരെ പിന്തള്ളിയാണ് സോമാനിയുടെ മുന്നേറ്റം. കഴിഞ്ഞയാഴ്ച 16,000 കോടിയുടെ ഓഫർ രാജസ്ഥാൻ നിരസിച്ചതായി വാർത്തകൾ വന്നിരുന്നുവെങ്കിലും ഒടുവിൽ സോമാനിയുടെ കൺസോർഷ്യം കരാർ ഉറപ്പിക്കുകയായിരുന്നു.