മുംബൈ: ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യന്‍ നഗരമായ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ പങ്കെടുക്കാന്‍ ആദ്യമായി ഒരു ഇറ്റാലിയന്‍ താരവും. ഇറ്റലിയുെട 24കാരനായ തോമസ് ഡ്രാക്കയാണ് ഓള്‍ റൗണ്ടര്‍ വിഭാഗത്തില്‍ താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വലംകൈയ്യന്‍ മീഡിയം പേസറായ ഡ്രാക്ക, 2024 ജൂണില്‍ ലക്‌സംബര്‍ഗിനെതിരായ മത്സരത്തില്‍ ടി20 ഐയില്‍ ഇറ്റലിക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. അതിനുശേഷം നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് താരം വീഴ്ത്തി.

2024 ലെ ഗ്ലോബല്‍ ടി20 കാനഡയിലും അദ്ദേഹം ശ്രദ്ധ നേടി. അവിടെ ബ്രാംപ്ടണ്‍ വോള്‍വ്സിനായി കളിച്ച് ആറ് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തി. അദ്ദേഹത്തിന്റെ മികച്ച പ്രകടനം 2025 ഐഎല്‍റ്റി20 സീസണില്‍ മുംബൈ ഇന്ത്യന്‍സുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന എംഎ എമിറേറ്റ്സില്‍ സ്ഥാനം നേടി കൊടുത്തു. ഡ്രാക്കയുടെ കഴിവും ഫ്രാഞ്ചൈസി അനുഭവവും അദ്ദേഹത്തെ ഐപിഎല്‍ ലേലത്തില്‍ ആകര്‍ഷകമായ ഒരു ഓപ്ഷനാക്കി മാറ്റും. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരമായി മാറാന്‍ ഡ്രാകയ്ക്ക് ആകുമോ എന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

സറെക്കെതിരെ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതായിരുന്നു ഡ്രാക്കയുടെ മികച്ച പ്രകടനം. ഡ്രാക്കയുടെ പ്രകടനം ബ്രാംപ്റ്റണ്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ക്വാളിഫയറിലെത്തിയെങ്കിലും ക്വാളിഫയറില്‍ തോറ്റ് പുറത്താവുകയായിരുന്നു. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐഎല്‍ടി20 ലീഗില്‍ എംഐ എമിറേറ്റ്‌സിനായി കളിക്കാനും ഡ്രാക്ക കരാറായിട്ടുണ്ട്. 30 ലക്ഷം രൂപയാണ് തന്റെ അടിസ്ഥാന വിലയായി ഡ്രാക്ക ക്വാട്ട് ചെയ്തിരിക്കുന്നത്. താരലേലത്തിനായുള്ള കളിക്കാരുടെ ചുരുക്കപ്പട്ടികയില്‍ ഡ്രാക്കക്ക് ഇടം നേടാനാകുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.