രാജ്‍കോട്ട്: വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ തിലക് വർമ്മയെയും മുഹമ്മദ് സിറാജിനെയും ഹൈദരാബാദ് ടീമിൽ ഉൾപ്പെടുത്തി. ചണ്ഡീഗഡിനെതിരായ അടുത്ത മത്സരത്തിലും ജനുവരി 6-ന് ബംഗാളിനെതിരായ മത്സരത്തിലും സി.വി. മിലിന്ദിന് പകരം തിലക് വർമ്മ ടീമിനെ നയിക്കുമെന്നും, ഹൈദരാബാദ് ടീം മാനേജ്‌മെൻ്റ് അംഗം അറിയിച്ചു. ജനുവരി 3-നാണ് ചണ്ഡീഗഡിനെതിരായ ഹൈദരാബാദിൻ്റെ മത്സരം. ജനുവരി 8-ന് ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ സിറാജ് ടീമിൽ കളിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഈ രണ്ട് അന്താരാഷ്ട്ര കളിക്കാരുടെയും വരവ് ടീമിന് ഉണർവ് നൽകുമെങ്കിലും, ക്വാർട്ടർ ഫൈനൽ സാധ്യതകൾ ഹൈദരാബാദിന് ഇതിനകം അവസാനിച്ചുകഴിഞ്ഞു. ഗ്രൂപ്പ് ബിയിലെ ആദ്യ നാല് മത്സരങ്ങളിലും ഹൈദരാബാദിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025-ൽ ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ചവെച്ച സിറാജ്, നാല് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ നേടിയിരുന്നു.

ഈ സീസണിൽ ഹൈദരാബാദിനായി രഞ്ജി ട്രോഫി 2025-ൽ ഡൽഹിക്കെതിരെ ഒരു മത്സരത്തിൽ മാത്രമാണ് തിലക് വർമ്മ കളിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യൻ ടി20, ഏകദിന ടീമുകളിൽ തിലക് അംഗമായിരുന്നു. ജനുവരി 11-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരിമിത ഓവർ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമുകളിലും തിലകും സിറാജും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജനുവരി 6-ന് ബംഗാളിനെതിരായ ഹൈദരാബാദിൻ്റെ മത്സരം നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും.