കൊൽക്കത്ത: ഐപിഎൽ 2026 സീസണിന് മുന്നോടിയായി വൻ അഴിച്ചുപണിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ). മുൻ ന്യൂസിലൻഡ് പേസ് ടിം സൗത്തി ബൗളിങ് പരിശീലകനായി ടീമിനൊപ്പം ചേർന്നു. മുൻ ഇന്ത്യൻ സഹപരിശീലകനായിരുന്ന അഭിഷേക് നായരെ മുഖ്യ പരിശീലകനായും ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സനെ പരിശീലക സംഘത്തിലും ഉൾപ്പെടുത്തിയിരുന്നു.

ചന്ദ്രകാന്ത് പണ്ഡിറ്റിനെ മാറ്റിയാണ് അഭിഷേക് നായരെ മുഖ്യ പരിശീലക സ്ഥാനം ഏൽപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഷെയ്ൻ വാട്‌സന്റെയും ടിം സൗത്തിയുടെയും വരവ്. മുൻ ഇന്ത്യൻ ബൗളിങ് കോച്ചായിരുന്ന ഭരത് അരുണിനു പകരമാണ് സൗത്തിയുടെ നിയമനം. കഴിഞ്ഞ സീസണിൽ ടീമിന്റെ മെന്ററായിരുന്ന വിൻഡീസ് ഇതിഹാസം ഡ്വെയ്ൻ ബ്രാവോ അതേ സ്ഥാനത്ത് തുടരും.

കെകെആറിന് അപരിചിതനല്ല സൗത്തി. 2021 മുതൽ 2023 വരെ മൂന്ന് സീസണുകളിൽ അദ്ദേഹം ടീമിനായി കളിച്ചിട്ടുണ്ട്. ന്യൂസിലൻഡിനായി ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലും നിർണായക താരമായിരുന്ന സൗത്തിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ 700-ൽ അധികം വിക്കറ്റുകളുണ്ട്. ഇംഗ്ലണ്ടിൽ 'ദി ഹണ്ട്രഡ്' ടൂർണമെന്റിൽ ബിർമിങ്ഹാം ഫീനിക്സിനായി കളിച്ച ശേഷമാണ് അദ്ദേഹം ഐപിഎല്ലിൽ പുതിയ റോൾ ഏറ്റെടുക്കുന്നത്.