ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ അമ്പര്‍മാരുടെ തീരുമാനങ്ങള്‍ പലതും വിവാദമായിരുന്നു. മത്സരത്തില്‍ പന്തിന്റെ ഷേപ്പ് മാറിയത് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അമ്പയര്‍മാരായ പോള്‍ റീഫലും ഷര്‍ഫുദൗളയും ആവശ്യം നിരസിച്ചിരുന്നു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോള്‍ റീഫല്‍ പലപ്പോഴും തെറ്റായ തീരുമാനങ്ങള്‍ നല്‍കുന്നതിനെയും ആരാധകര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കളിക്കാര്‍ മത്സരത്തിനിടെ പരിക്ക് അഭിനിയിച്ച് സമയം നഷ്ടമാക്കുന്നത് നിയന്ത്രിക്കാനോ ഒരു ദിവസം 90 ഓവര്‍ എറിയുന്നുവെന്ന് ഉറപ്പുവരുത്താനോ അമ്പയര്‍മാര്‍ ഫലപ്രദമായി ഇടപെടാത്തതിനെതിയെ മുന്‍ താരങ്ങളും രംഗത്തുവന്നിരുന്നു.

അതിനിടെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ക്യാച്ച് ഔട്ടും എല്‍ബിഡബ്ല്യു ഔട്ടും അനുവദിച്ച ഓസ്‌ട്രേലിയന്‍ അമ്പയര്‍ പോള്‍ റീഫലിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ആരാധകര്‍. ഇന്ത്യക്കെതിരെ വിവാദ തീരുമാനങ്ങളെടുത്തിട്ടുള്ള മുന്‍ വിന്‍ഡീസ് അമ്പയര്‍ സ്റ്റീവ് ബക്‌നറോടാണ് പലരും റീഫലിനെ ഉപമിച്ചത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അമ്പയര്‍മാരുടെ ഇടപെടലുകള്‍ പൊതുവെ വിവാദത്തിലായിരിക്കെയാണ് റീഫലിന്റെ പക്ഷപാതപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തിയത്.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ബ്രെയ്ഡന്‍ കാര്‍സിന്റെ പന്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്തപ്പോള്‍ തന്നെ പോള്‍ റീഫല്‍ വിരലുയര്‍ത്തി. എന്നാല്‍ ഉടന്‍ റിവ്യു എടുത്ത ഗില്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞതോടെ ഔട്ടാകാതെ രക്ഷപ്പെട്ടു. നേരത്തെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും ഇന്ത്യയുടെ അപ്പീല്‍ റീഫല്‍ നിരസിച്ചിരുന്നു. ഇന്ത്യ റിവ്യു എടുത്തെങ്കിലും അമ്പയേഴ്‌സ് കോളിന്റെ ബലത്തില്‍ റൂട്ട് ഔട്ടാകാതെ രക്ഷപ്പെട്ടിരുന്നു.

റീഫലിനെ അമ്പയര്‍ ആക്കിയതിനാല്‍ ഇന്ത്യയുടെ വിജയസാധ്യത കുറവാണെന്ന് തന്റെ പിതാവ് അഭിപ്രായപ്പെട്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ വെളിപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) എലൈറ്റ് പാനല്‍ ഓഫ് അമ്പയേഴ്‌സിന്റെ ഭാഗമായ റീഫല്‍, നാലാം ദിവസം ഇന്ത്യയ്ക്കെതിരായ രണ്ട് തീരുമാനങ്ങള്‍ എടുത്തതിന് വിമര്‍ശനത്തിന് വിധേയനായി. അമ്പയറെക്കുറിച്ച് പിതാവിന്റെ അഭിപ്രായം അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പങ്കുവെച്ചു. ''എന്റെ അച്ഛന്‍ എന്നോടൊപ്പം മത്സരം കാണുകയായിരുന്നു, അദ്ദേഹം പറഞ്ഞു, 'പോള്‍ റീഫലുള്ളപ്പോള്‍ നമ്മള്‍ ജയിക്കില്ല.'

നാലാം ദിവസത്തെ അവസാന നിമിഷങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ച് അനുവദിച്ചതാണ് പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. എന്നിരുന്നാലും, വിജയകരമായ ഒരു ഡിആര്‍എസ് അവലോകനത്തിന് ശേഷം, റീപ്ലേകളില്‍ പന്ത് ബാറ്റില്‍ തൊട്ടിട്ടില്ലെന്ന് തെളിഞ്ഞു, ഗില്ലിന് തന്റെ ഇന്നിംഗ്‌സ് തുടരാന്‍ അനുവാദം നല്‍കി. പന്തും ഗില്ലിന്റെ ബാറ്റും തമ്മിലുള്ള ദൂരം വളരെ വലുതാണെന്നും ഒരു കാറിന് പോലും അതിലൂടെ കടന്നുപോകാന്‍ കഴിയുമെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.