- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ്; ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ഇന്ത്യ; കന്നി കിരീടം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക
ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലില്‍ കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ സംഘം ഇന്നിറങ്ങും. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ പത്തു വിക്കറ്റ് ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍ മൈതാനത്തിറങ്ങുന്നത്. ഇന്ത്യന്‍ കൗമാരപ്പടയുടെ തുടരെ രണ്ടാം കിരീടം എന്ന ലക്ഷ്യവും ഉണ്ട്. ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഒരു കളിയും തോല്‍ക്കാതെയാണ് ഫൈനലിലേക്ക് കുതിച്ചെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ ക്വാലാലംപൂരിലെ ഓവലില്‍ ആണ് മത്സരം.
കഴിഞ്ഞ തവണയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കന്നി ലോക കിരീടം ഇന്ത്യയാണ് സ്വന്തമാക്കിയത്. ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക കന്നി ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയേ വീഴ്ത്തിയാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇറങ്ങുന്നത്.
ബാറ്റിങിലും ബൗളിങിലും ശ്രദ്ധേയ പ്രകടനങ്ങള്‍ ഇത്തവണ ഇന്ത്യ പുറത്തെടുത്തു. ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറി ഇന്ത്യയുടെ ഗോംഗഡി തൃഷ സ്വന്തമാക്കിയിരുന്നു. താരം മിന്നും ഫോമിലാണ്. സഹ ഓപ്പണര്‍ ജി കമാലിനിയും തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തി. ക്വാര്‍ട്ടറിലും സെമിയിലും താരം തുടരെ അര്‍ധ സെഞ്ചുറികള്‍ നേടി. പരുണിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ്മ എന്നിവരടങ്ങിയ സ്പിന്‍ ത്രയം വിജയപ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നു.
ഹാട്രിക്ക് വിക്കറ്റുകളടക്കം മിന്നും പ്രകടനങ്ങളുമായി കളം വാണ വൈഷ്ണവി ശര്‍മയുടെ മികവും ഇന്ത്യയുടെ ഫൈനല്‍ പ്രവേശം വരെ നിര്‍ണായകമായി. സെമിയില്‍ പരുണിക സിസോദിയയും ബൗളിങില്‍ തിളങ്ങി. ദക്ഷിണാഫ്രിക്കയും ശക്തരായ ടീമുമായാണ് കളത്തിലിറങ്ങുന്നത്. ക്യാപ്റ്റന്‍ കെയ്ല റെയ്നകെ ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ മികവു പുലര്‍ത്തുന്നു. ജെമ്മ ബോത്ത, മൊണാലിസ ലെഗോഡി, സെഷ്‌നി നായിഡു എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയ്ക്ക് ശക്തി പകരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിലെത്തിയത് എന്നതുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് വലിയ വിജയ സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.