- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മഹി ഭായിയുടെ ഒപ്പം കളിക്കുന്നത് ഒരു സ്വപ്നം പോലെയായിരുന്നു'; ആത്മവിശ്വാസമാണ് കൈമുതൽ; 'ഗെയിം അവയർനെസ്' ആണ് ധോണിയിൽ പഠിച്ച ഏറ്റവും മികച്ച പാഠം; തുറന്ന് പറഞ്ഞ് യുവ താരം
അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ എം.എസ്. ധോണി നൽകിയ പാഠങ്ങൾ കളി മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് യുവ താരം ഉർവിൽ പട്ടേൽ. സർവീസസിനെതിരെ നടന്ന മത്സരത്തിൽ ഗുജറാത്തിനെ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് നേടിയത്. വെറും 31 പന്തുകളിൽ സെഞ്ചുറി തികച്ച ഉർവിൽ, ടി20 ക്രിക്കറ്റിൽ ഇന്ത്യക്കാർ നേടുന്ന രണ്ടാമത്തെ വേഗതയേറിയ സെഞ്ചുറിയാണ് സ്വന്തമാക്കിയത്.
183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി ഉർവിൽ 37 പന്തിൽ 12 ഫോറുകളും 10 സിക്‌സറുകളും സഹിതം 119 റൺസെടുത്ത് പുറത്താകാതെ നിന്നു. 81 പന്തുകൾ ബാക്കിനിൽക്കെയാണ് ഗുജറാത്ത് അനായാസം വിജയം നേടിയത്. ചെന്നൈ സൂപ്പർ കിംഗ്‌സിലെ തൻ്റെ സമയത്തെ സംസാരിക്കവെയാണ് ഉർവിൽ ധോണിയെക്കുറിച്ച് പരാമർശിച്ചത്. "മഹി ഭായിയുടെ കൂടെ കളിക്കുന്നത് ഒരു സ്വപ്നം പോലെയായിരുന്നു. അധികകാലം ടീമിനൊപ്പം ഉണ്ടായിരുന്നില്ലെങ്കിലും, ഇവിടെ നന്നായി കളിക്കാൻ സഹായിക്കുന്ന ചില നല്ല പാഠങ്ങൾ എനിക്ക് അവിടെ നിന്ന് ലഭിച്ചു," അദ്ദേഹം പറഞ്ഞു.
ധോണിയിൽ നിന്ന് പഠിച്ച പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഉർവിൽ വിശദീകരിച്ചു. ആത്മവിശ്വാസത്തിൻ്റെ പ്രാധാന്യമാണ് ധോണി തനിക്ക് നൽകിയ പ്രധാന ഉപദേശം. "സാഹചര്യമനുസരിച്ച് എന്ത് ചെയ്യണം, എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചുള്ള ഗെയിം അവയർനെസ് ആണ് ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ച മറ്റൊരു കാര്യം."
വിക്കറ്റ് കീപ്പർ ബാറ്ററായ 27-കാരനായ ഉർവിൽ പട്ടേലിനെ ഐ.പി.എൽ. 2026 സീസണിന് മുന്നോടിയായി സി.എസ്.കെ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലേലത്തിൽ വിറ്റുപോകാതിരുന്ന താരം, ഈ സീസണിൽ ഗുജറാത്തിനെ നയിക്കുന്നതിലെ ഉത്തരവാദിത്തം താൻ എല്ലാ മത്സരത്തിലും ഒരുപോലെ കാണുന്നുവെന്നും കൂട്ടിച്ചേർത്തു.




