ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ഉർവിൽ പട്ടേൽ. ജിംഖാന ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സർവീസസ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി ഉർവിൽ പട്ടേൽ പുറത്താകാതെ 37 പന്തിൽ 119 റൺസാണ് അടിച്ചെടുത്തത്. 12 ഫോറുകളും 10 കൂറ്റൻ സിക്സറുകളും ഉൾപ്പെട്ടതായിരുന്നു ഇന്നിംഗ്‌സ്.321 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

ഓപ്പണിംഗ് പങ്കാളിയായ ആര്യ ദേശായിക്കൊപ്പം (35 പന്തിൽ 60) ചേർന്ന് 174 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തിയ ഉർവിൽ പട്ടേൽ, 12.3 ഓവറിൽ വെറും 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. 45 പന്തുകൾ ബാക്കി നിൽക്കെയാണ് ഗുജറാത്ത് ഈ തകർപ്പൻ വിജയം നേടിയത്. 31-ബോളിലെ സെഞ്ചുറിയോടെ ഇന്ത്യയിലെ ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറികളിൽ ഒന്നാണ് ഉർവിൽ പട്ടേൽ കുറിച്ചത്.

2024 സയ്യിദ് മുഷ്താഖ് അലി സീസണിൽ ത്രിപുരയ്‌ക്കെതിരെ 28 പന്തിൽ സെഞ്ചുറി നേടിയ റെക്കോർഡ് ഉർവിൽ പട്ടേലിന്റെ പേരിലുണ്ട്. നിലവിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ചുറി എന്ന റെക്കോർഡിൽ അഭിഷേക് ശർമ്മയ്ക്ക് ഒപ്പമാണ് ഉറവിൽ പട്ടേൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സ് താരമാണ് ഉറവിൽ പട്ടേൽ. കഴിഞ്ഞ സീസണിൽ പകരക്കാരനായി ടീമിൽ എത്തിയ ഉർവിൽ പട്ടേലിനെ വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായി സിഎസ്‌കെ നിലനിർത്തിയിരുന്നു.