- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഥര്‍വ ടൈഡേയുടെ സെഞ്ചുറി കരുത്തിൽ പടുത്തുയർത്തിയത് കൂറ്റൻ സ്കോർ; കലാശപ്പോരിൽ സൗരാഷ്ടരയുടെ അടി തെറ്റി; നാല് വിക്കറ്റുമായി യാഷ് താക്കൂർ; വിജയ് ഹസാരെ ട്രോഫി വിദര്‍ഭയ്ക്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഫൈനലിൽ സൗരാഷ്ട്രയെ പരാജയപ്പെടുത്തി കന്നി കിരീടത്തിൽ മുത്തമിട്ട് വിദർഭ. ആവേശകരമായ ഫൈനൽ മത്സരത്തിൽ സൗരാഷ്ട്രയെ 38 റൺസിനാണ് പരാജയപ്പെടുത്തിയത്. ബംഗളൂരുവിൽ നടന്ന മത്സരത്തിൽ, 318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്രയ്ക്ക് 48.5 ഓവറിൽ 279 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. വിദർഭയ്ക്കായി യാഷ് താക്കൂർ നാല് വിക്കറ്റും നചികേത് ഭൂതേ മൂന്ന് വിക്കറ്റും വീഴ്ത്തി
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിദർഭ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 317 റൺസാണ് നേടിയത്. വിദർഭയുടെ മികച്ച സ്കോറിന് പിന്നിൽ അഥർവ ടൈഡെയുടെ സെഞ്ചുറിയായിരുന്നു (128 റൺസ്). യാഷ് റാത്തോഡ് 54 റൺസ് നേടി മികച്ച പിന്തുണ നൽകി. അമൻ മൊഖാതെ (33), രവികുമാർ സമർത്ഥ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സൗരാഷ്ട്രയ്ക്ക് വേണ്ടി അങ്കൂർ പൻവാർ നാല് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയ്ക്ക് 30 റൺസിനിടെ ഹാർവിക് ദേശായ് (20), വിശ്വരാജ് ജഡേജ (9) എന്നിവരെ നഷ്ടമായി മോശം തുടക്കമാണ് ലഭിച്ചത്. പിന്നീട് പ്രേരക് മങ്കാദും (88) സമ്മർ ഗജ്ജാറും (25) ചേർന്ന് 48 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഈ കൂട്ടുകെട്ട് ദർശൻ നാൾകാണ്ഡെ തകർത്തു. തുടർന്നെത്തിയ പർസ്വരാജ് റാണയ്ക്കും (7) തിളങ്ങാനായില്ല. നാല് വിക്കറ്റിന് 112 റൺസ് എന്ന നിലയിലായി സൗരാഷ്ട്ര.
പ്രേരക് മങ്കാദും ചിരാഗ് ജനിയും (64) ചേർന്ന് 93 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി സൗരാഷ്ട്രയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും, മങ്കാദിനെ പുറത്താക്കി ഹർഷ് ദുബെ വിദർഭയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നീട് സൗരാഷ്ട്ര നിരയിൽ ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. രുചിർ അഹിർ (21), ജയദേവ് ഉനദ്കട് (6), ധർമേന്ദ്രസിംഗ് ജഡേജ (8), ചേതൻ സക്കറിയ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.


