കാന്‍പുര്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവിസ്മരണീയ വിജയത്തിന് ശേഷം തന്റെ ബാറ്റ് ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസ്സന് സമ്മാനിച്ച് വിരാട് കോലി.20 വര്‍ഷത്തോളംനീണ്ട അന്താരാഷ്ട്ര കരിയറിനുള്ള ആദരമായാണ് കോലി ബാറ്റു സമ്മാനിച്ചത്.ഈ പരമ്പര തന്റെ കരിയറിലെ അവസാന ടെസ്റ്റ് ആയേക്കുമെന്ന് ഷാകിബ് പറഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് കോഹ്ലിയുടെ ആദരം.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ വരാനിരിക്കുന്ന പരമ്പരയില്‍ കളിക്കാന്‍ തയ്യാറാണെങ്കിലും സ്വന്തം നാട്ടില്‍ എത്താനാകുമോയെന്ന ആശങ്കയുണ്ട്.ബംഗ്ലാദേശില്‍ ഈയിടെനടന്ന ആഭ്യന്തരകലാപത്തില്‍, ഷാകിബിനെതിരേ കൊലക്കുറ്റത്തിന് കേസുണ്ട്. മതിയായ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങില്ലെന്നും ഷാകിബ് പറഞ്ഞിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഇത് തന്റെ അവസാന ടെസ്റ്റായേക്കുമെന്ന് ഷാക്കിബ് വ്യക്തമാക്കിയത്.

കാണ്‍പൂര്‍ ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഷാക്കിബ് ഇക്കാര്യം പങ്കുവെച്ചത്.ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കാനാണ് ആഗ്രഹമെന്ന് താരം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ മത്സരം നടന്നില്ലെങ്കില്‍ ഇന്ത്യയ്ക്കെതിരായി വരാനിരിക്കുന്ന കാണ്‍പൂര്‍ ടെസ്റ്റ് അവസാനത്തേതാകും. കഴിഞ്ഞ ലോകകപ്പോടെ ടി20യില്‍ നിന്ന് വിരമിച്ചതായി താരം വ്യക്തമാക്കി.

വര്‍ഷങ്ങളായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമാണ് ഷാക്കിബ്. ബൗളിംഗിലും ബാറ്റിംഗിലും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 70 മത്സരങ്ങളില്‍ നിന്നായി 38.33 ശരാശരിയില്‍ 4600 റണ്‍സാണ് സമ്പാദ്യം.ഇതില്‍ അഞ്ച് സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ടി20 ക്രിക്കറ്റില്‍ 129 മത്സരങ്ങളില്‍ നിന്നും 2551 റണ്‍സ് നേടിയിട്ടുണ്ട്.ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും മികച്ച പ്രകടനമാണ് 37 കാരന്‍ കാഴ്ച്ചവെച്ചിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 242 വിക്കറ്റുകളും ടി20യില്‍ 149 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് ഷാക്കിബ്. ടെസ്റ്റില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഏക ബംഗ്ലാദേശ് ബൗളറും ഷാക്കിബ് അല്‍ ഹസനാണ്.അടുത്തവര്‍ഷം പാക്കിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ ഏകദിനത്തോടും വിടപറയും.