- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റൺസ് നേടിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കുമെന്ന് ചാപ്പൽ ഭീഷണിപ്പെടുത്തി, വാക്കുതർക്കമുണ്ടായി'; വെളിപ്പെടുത്തലുമായി വീരേന്ദർ സെവാഗ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ ഗ്രെഗ് ചാപ്പലിനെതിരെ ഗുരുതര ആരോപണവുമായി വീരേന്ദർ സെവാഗ്. അടുത്ത മത്സരത്തിൽ റൺസ് നേടിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കുമെന്ന് ചാപ്പൽ ഭീഷണിപ്പെടുത്തിയതായി സെവാഗ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. കരിയറിലെ മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ ആയിരുന്നു ചാപ്പൽ ഇങ്ങനെ പറഞ്ഞതെന്നും സെവാഗ് വ്യക്തമാക്കി.
'ദി ലൈഫ് സേവേഴ്‌സ് ഷോ' എന്ന പരിപാടിയിലാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ ചർച്ചയായ ചാപ്പൽ കാലഘട്ടത്തെക്കുറിച്ച് സെവാഗ് മനസ്സുതുറന്നത്. 'ഗ്രെഗ് ചാപ്പലിന്റെ വാക്കുകൾ ഒരിക്കൽ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ അന്ന് മോശം ഫോമിലായിരുന്നു. 'നിങ്ങൾ കാൽ ചലിപ്പിക്കുന്നില്ലെങ്കിൽ റൺസ് നേടാനാകില്ല' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. 50-ന് മുകളിൽ ശരാശരിയിൽ 6000ത്തിലധികം റൺസ് നേടിയ താരമാണ് താനെന്ന് ഞാൻ മറുപടി നൽകി. എന്നാൽ അതൊന്നും അദ്ദേഹത്തിന് ഒരു വിഷയമായിരുന്നില്ല. ഞങ്ങൾക്കിടയിൽ വലിയ വാക്കുതർക്കമുണ്ടായി,' സെവാഗ് പറഞ്ഞു.
തർക്കം രൂക്ഷമായതോടെ അന്നത്തെ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ അതിനുശേഷവും ചാപ്പലിന്റെ നിലപാടിൽ മാറ്റമുണ്ടായില്ലെന്ന് സെവാഗ് കൂട്ടിച്ചേർത്തു. 'പിന്നീട് ഞാൻ ബാറ്റ് ചെയ്യാൻ പോകുമ്പോൾ, റൺസ് നേടണം, അല്ലെങ്കിൽ ഞാൻ നിങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കും എന്ന് ചാപ്പൽ ഭീഷണി മുഴക്കി.'
എന്നാൽ, കടുത്ത സമ്മർദ്ദത്തിനിടയിലും തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ സെവാഗിനായി. മത്സരത്തിലെ രണ്ടാം സെഷൻ അവസാനിക്കുമ്പോഴേക്കും 184 റൺസ് താരം നേടിയിരുന്നു. ഇന്നിംഗ്‌സിന് ശേഷം, 'നിങ്ങളുടെ കോച്ചിനോട് എന്റെ അടുത്തേക്ക് വരരുതെന്ന് പറയൂ' എന്ന് താൻ ദ്രാവിഡിനോട് ആവശ്യപ്പെട്ടതായും സെവാഗ് പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാന്മാരിൽ ഒരാളായാണ് വീരേന്ദർ സെവാഗ് അറിയപ്പെടുന്നത്. ടെസ്റ്റിലും ഏകദിനത്തിലും പതിറ്റാണ്ടോളം ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായിരുന്നു അദ്ദേഹം. ഗ്രെഗ് ചാപ്പലിന്റെ പരിശീലനകാലത്ത് കളിക്കാരും കോച്ചും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെക്കുന്നതാണ് സെവാഗിന്റെ ഈ വെളിപ്പെടുത്തൽ.