- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1983-ലും 2007-ലും നിങ്ങൾ ഓസ്ട്രേലിയെ തോൽപ്പിച്ചു, അന്നൊക്കെ ഞങ്ങൾ കപ്പടിച്ചു; ഇപ്പോഴിതാ 2026-ലും അത് സംഭവിച്ചു; സിംബാബ്വെ ഇന്ത്യയുടെ 'ലക്കി ചാം'; ഡിന്നർ കൊടുക്കാൻ റെഡിയെന്ന് വീരേന്ദർ സെവാഗ്

ഡൽഹി: ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ച സിംബാബ്‌വെയുടെ വിജയത്തിന് പിന്നാലെ രസകരമായ കണക്കുമായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. സിംബാബ്‌വെ ലോകകപ്പിൽ എപ്പോഴൊക്കെ ഓസ്‌ട്രേലിയയെ തോൽപ്പിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ ഇന്ത്യ ലോകകിരീടം ഉയർത്തിയിട്ടുണ്ട് എന്നാണ് സെവാഗ് ചൂണ്ടിക്കാട്ടുന്നത്. 1983ലെ ഏകദിന ലോകകപ്പിലും 2007ലെ പ്രഥമ ടി20 ലോകകപ്പിലും സമാന രീതിയില്‍ തന്നെ ആഫ്രിക്കന്‍ ടീം ഓസീസിനെ അട്ടിമറിച്ചിട്ടുണ്ട്. ഇന്നത്തെ ജയത്തോടെ ലോകകപ്പില്‍ മൂന്നാം തവണയാണ് സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോൽപ്പിക്കുന്നത്.
സെവാഗ് പങ്കുവെച്ച കണക്കുകൾ ഇങ്ങനെ:
1983: ഏകദിന ലോകകപ്പിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോൽപ്പിച്ചു. അന്ന് കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ആദ്യമായി ലോകകിരീടം നേടി.
2007: പ്രഥമ ടി20 ലോകകപ്പിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചു. അന്ന് എം.എസ്. ധോണിയുടെ കീഴിൽ ഇന്ത്യ ചാമ്പ്യന്മാരായി.
2026: ഇപ്പോൾ ഇതാ വീണ്ടും സിംബാബ്‌വെ ഓസ്‌ട്രേലിയയെ തകർത്തിരിക്കുന്നു.
ഇതോടെ 2026-ലും ഇന്ത്യ കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. "പ്രിയപ്പെട്ട സിംബാബ്‌വെ, നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാമോ? ഞങ്ങളുടെ 'ലക്കി ചാം' വീണ്ടും പ്രവർത്തിച്ചിരിക്കുന്നു. നിങ്ങൾക്കൊരു ഡിന്നർ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു," എന്നാണ് സെവാഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
നിലവിലെ ചാമ്പ്യന്മാരായി ടൂർണമെന്റിനെത്തിയ ഇന്ത്യ ആദ്ധ്യാ രണ്ട് മത്സരങ്ങളും വിജയിച്ചിരുന്നു. ഈ കണക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആതിഥേയ രാജ്യങ്ങൾ ഇതുവരെ ടി20 ലോകകപ്പ് നേടിയിട്ടില്ല എന്ന റെക്കോർഡ് കൂടി തിരുത്താനാണ് ഇന്ത്യ ഇത്തവണ ശ്രമിക്കുന്നത്.
അതേസമയം,കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കംഗാരുക്കളെ 23 റണ്‍സിനാണ് സിംബാബ്വെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത സിംബാബ്വെ 20 ഓവറില്‍ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 19. 3 ഓവറില്‍ 146 റണ്‍സിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ 17 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ബ്ലെസ്സിങ് മുസറബാനിയും 3.3 ഓവറില്‍ 23 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത ബ്രാഡ് ഇവാന്‍സും ചേര്‍ന്നാണ് ഓസീസിനെ കെട്ടുകെട്ടിച്ചത്.


