- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതെന്റെ ക്രിക്കറ്റിലേക്കുള്ള മൂന്നാം വരവാണ്; ഈ നിമിഷത്തില്‍ ഞാന്‍ എങ്ങനെയാണോ കളിക്കുന്നത് ആ മികവ് നിലനിര്‍ത്തുകയാണ് ലക്ഷ്യം; ഒറ്റ കളിയാണ് കളിക്കുന്നതെങ്കിലും അതില്‍ പരമാവധി റണ്‍സ് നേടുക ലക്ഷ്യം; ഇന്ത്യക്കായി കളിക്കുക എന്ന ലക്ഷ്യം ഇപ്പോഴും ഉണ്ട്'; കരുണ്‍ നായര്‍
ന്യൂഡല്‍ഹി: കരുണ്‍ നായരുടെ കത്തുന്ന ഫോമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയെ മുന്നില്‍ നിന്നു നയിച്ച് ഫൈനല്‍ വരെ എത്തിച്ച മികവാണ് കരുണിനെ വീണ്ടും വാര്‍ത്തകളിലെത്തിച്ചത്. പിന്നാലെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്ന സ്വപ്നം ഇപ്പോഴും തന്റെ ഉള്ളിലുണ്ടെന്നു പറയുകയാണ് പാതി മലയാളി കൂടിയായ താരം.
ചാംപ്യന്‍സ് ട്രോഫി, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തുടങ്ങിയ പോരാട്ടങ്ങള്‍ മുന്നില്‍ നില്‍ക്കെ കരുണിനെ ഉറപ്പായും ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളിക്കണമെന്നു മുന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പിന്നാലെയാണ് താരം തന്റെ മനസ് തുറന്നത്. ഇതെന്റെ ക്രിക്കറ്റിലേക്കുള്ള മൂന്നാം വരവാണ്. ഈ നിമിഷത്തില്‍ ഞാന്‍ എങ്ങനെയാണോ കളിക്കുന്നത് ആ മികവ് നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഒറ്റ കളിയാണോ കളിക്കുന്നത്, അതില്‍ പരമാവധി റണ്‍സ് നേടുക.'
'അതാണ് ഞാന്‍ ചെയ്യേണ്ടത്. മറ്റുള്ളതൊന്നും എന്റെ കൈയിലുള്ള കാര്യങ്ങളല്ല. ഒരു സമയം ഒരു കളിയില്‍ മാത്രം ശ്രദ്ധിക്കുക എന്നതാണ് എന്റെ നയം. ഇന്ത്യക്കായി ഇനിയും കളിക്കുക എന്ന സ്വപ്നം എന്റെ ഉള്ളില്‍ ഇപ്പോഴും ഉണ്ട്.' നിലവിലെ ഫോം വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും ഫലമാണ്. പഴയതില്‍ നിന്നു വ്യത്യസ്തമായി ഞാനിപ്പോള്‍ ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ ഒരു രഹസ്യവുമില്ല.'
'ഒരിടയ്ക്ക് ഇന്ത്യന്‍ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും എനിക്ക് അവസരമുണ്ടായില്ല. ആ ഘട്ടത്തില്‍ ഭയം തോന്നിയില്ല എന്നു പറയുന്നത് കള്ളമാകും. എല്ലാവര്‍ക്കും ജീവിതത്തില്‍ അത്തരം ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. പക്ഷേ കരിയര്‍ പൂര്‍ണമായി തീര്‍ന്നു എന്നു ഞാന്‍ ചിന്തിച്ചില്ല. തിരിച്ചെത്താന്‍ എന്താണു വേണ്ടത് എന്നായിരുന്നു ആലോചിച്ചത്.'
'കുറച്ചു സമയമെടുക്കും അതിനൊരു പരിഹാരം കണ്ടെത്താന്‍. കുറച്ചു വര്‍ഷങ്ങള്‍ കൂടി മുന്നിലുണ്ട്. എന്തു വേണമെന്ന ചിന്തിച്ചു. എന്റെ ക്രിക്കറ്റിനെ കുറിച്ചു ഞാന്‍ നന്നായി വിശകലനം ചെയ്തു. അങ്ങനെ പാഠം ഉള്‍ക്കൊണ്ടാണ് തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ നടത്തിയത്.' കര്‍ണാടക ടീമില്‍ നിന്നു മാറി വിദര്‍ഭയിലേക്കു മാറാനുള്ള തീരുമാനം ശരിയായിരുന്നു. അവര്‍ക്കു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാന്‍ അവസരം കിട്ടി. അവരോടു അതിനുള്ള കൃതജ്ഞതയമുണ്ട്. ഇങ്ങനെ ഒരവസരം കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ ചോദ്യ ചിഹ്നത്തില്‍ ആകുമായിരുന്നു. അവരെന്നെ സ്വീകരിച്ചു.'
'മുന്‍ ഇന്ത്യന്‍ താരം എബി കുരുവിളയാണ് വിദര്‍ഭ ടീമിലേക്കുള്ള വാതില്‍ തുറന്നത്. അദ്ദേഹത്തോടു ഞാന്‍ സംസാരിച്ചു. എനിക്കു കളിക്കാന്‍ ഒരു ടീം വേണമെന്നു പറഞ്ഞു. അദ്ദേഹമാണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനുമായി സംസാരിച്ചതും എന്നെ അവരുമായി ബന്ധപ്പെടുത്തിയതും'- കരുണ്‍ വ്യക്തമാക്കി.
വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് ഇന്നിങ്സില്‍ ആറ് നോട്ടൗട്ടും 5 സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം കരുണ്‍ 756 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന പെരുമയുമായി കരിയര്‍ തുടങ്ങിയ കരുണിനു പക്ഷേ പിന്നീട് ആ മികവ് നിലനിര്‍ത്താന്‍ സാധിച്ചില്ല.