- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മിസ്റ്റർ നിങ്ങൾ ഒരു ഫീൽഡർ മാത്രം'; കൈഫിനെ അധിക്ഷേപിച്ച് മുഹമ്മദ് ആമിർ; ദാദയോട് നന്ദി പറയണമെന്നും പരിഹാസം; ലോകകപ്പിനിടെ ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ വാക്പോര് മുറുകുന്നു

ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തെച്ചൊല്ലി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും പാക് മുൻ പേസർ മുഹമ്മദ് ആമിറും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഇന്ത്യ സെമിഫൈനലിൽ എത്തില്ലെന്ന ആമിറിന്റെ ആദ്യ പ്രവചനം തെറ്റിയതിന് പിന്നാലെ കൈഫ് നടത്തിയ വിമർശനമാണ് പാക് താരത്തെ ചൊടിപ്പിച്ചത്. വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ വേണ്ടിയാണ് ആമിർ ഇങ്ങനെയൊക്കെ പറയുന്നതെന്നും പാകിസ്ഥാൻ താരങ്ങളുടെ ഇത്തരം അഭിപ്രായങ്ങൾക്ക് ആരാധകർ വില നൽകേണ്ടതില്ലെന്നും കൈഫ് തുറന്നടിച്ചിരുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആമിർ കൈഫിന് മറുപടി നൽകിയത്. കൈഫിന്റെ ക്രിക്കറ്റ് കരിയറിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ആമിറിന്റെ പ്രതികരണം. "മിസ്റ്റർ കൈഫ്, നിങ്ങളുടെ കണക്കുകൾ ഞാൻ പരിശോധിച്ചു. ഐപിഎല്ലിൽ ആകെ 29 മത്സരങ്ങൾ മാത്രമാണ് നിങ്ങൾ കളിച്ചിട്ടുള്ളത്. സ്ട്രൈക്ക് റേറ്റ് വെറും 103 മാത്രമാണ്. ശ്രദ്ധ പിടിച്ചുപറ്റാൻ എനിക്ക് ഇന്ത്യയെക്കുറിച്ച് സംസാരിക്കേണ്ട കാര്യമില്ല. ഞാൻ 350-ലേറെ ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞാൻ ക്രിക്കറ്റ് കളിച്ചത് വെറും ഫീൽഡിങ് മാത്രം വെച്ചല്ല, മറിച്ച് മികച്ച പ്രകടനം നടത്തിയാണ്," ആമിർ പറഞ്ഞു.
സൗരവ് ഗാംഗുലി കാരണമാണ് കൈഫ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതെന്നും ആമിർ പരിഹസിച്ചു. "നിങ്ങൾ ദാദയോട് നന്ദി പറയണം. ഫീൽഡിങ് മോശമല്ലാത്തതുകൊണ്ട് മാത്രം ടീമിലെടുത്ത ആളാണ് നിങ്ങളെന്നാണ് ഞാൻ കേട്ടിട്ടുള്ളത്," എന്നും ആമിർ കൂട്ടിച്ചേർത്തു. ഇന്ത്യ സെമിയിലെത്തിയതോടെ ആമിർ തന്റെ നിലപാട് മാറ്റിയിരുന്നു. ഇന്ത്യ ഫൈനലിൽ എത്തില്ലെന്നായിരുന്നു രണ്ടാമത്തെ പ്രവചനം. എന്നാൽ കഴിഞ്ഞ ദിവസം സെമിയിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതോടെ ഈ പ്രവചനവും പാളി. മാർച്ച് 8-ന് അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.
രോഹിത് ശർമ്മയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമെല്ലാം ടീമിലുണ്ടായിരുന്ന കാലത്ത് ഇന്ത്യയായിരുന്നു തന്റെ ഫേവറിറ്റുകൾ എന്നും എന്നാൽ ഇപ്പോഴത്തെ ടീമിനെ അങ്ങനെ കാണുന്നില്ലെന്നുമാണ് ആമിറിന്റെ നിലപാട്.


