- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏഷ്യ കപ്പിലെ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഫേവറിറ്റുകൾ ഇന്ത്യ'; ആരാധകർ അതിരുകടന്നുള്ള പെരുമാറ്റം ഒഴിവാക്കണം; ഇരു രാജ്യങ്ങളും വീണ്ടും ഒരു ടെസ്റ്റ് പരമ്പര കളിക്കണമെന്നും വസിം അക്രം
ലാഹോർ: ഏഷ്യാ കപ്പിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളും ആരാധകർക്ക് നൽകുന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ മുൻ നായകൻ വസിം അക്രം. ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ പോരാട്ടമായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങളെന്നും, ആരാധകർ അതിരുകടന്നുള്ള പെരുമാറ്റം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും വീണ്ടും ഒരു ടെസ്റ്റ് പരമ്പര കളിക്കണമെന്ന തൻ്റെ ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.
സെപ്റ്റംബർ 14-ന് നടക്കുന്ന മത്സരത്തെക്കുറിച്ച് സംസാരിക്കവെ, സമ്മർദ്ദങ്ങളെ നന്നായി അതിജീവിക്കുന്ന ടീം വിജയിക്കുമെന്നും അക്രം കൂട്ടിച്ചേർത്തു. 'ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും ഒരുപോലെ ദേശസ്നേഹികളാണ്. അവരുടെ ടീം ജയിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു,' അദ്ദേഹം ടെലികോം ഏഷ്യ സ്‌പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സമീപകാലത്തെ മികച്ച ഫോം കാരണം ഇന്ത്യയായിരിക്കും മത്സരത്തിൽ ഫേവറിറ്റുകളെന്നും എന്നാൽ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ ടീമുകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇത്തവണയും ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം വളരെയധികം ആവേശം കൊള്ളിക്കുന്നതായിരിക്കും. കളിക്കാരും ആരാധകരും ഒരുപോലെ അച്ചടക്കം കാണിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അതിരുകടന്നുള്ള പെരുമാറ്റം ആരുടെയും ഭാഗത്തുനിന്നു ഉണ്ടാകാൻ പാടില്ല,' അക്രം ഊന്നിപ്പറഞ്ഞു. ഈ ഏഷ്യാ കപ്പ് ലോകമെമ്പാടുമുള്ള ആരാധകർക്ക് ഒരു വിരുന്നായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.