2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ നടത്തിയതിന് ഐസിസിയെ വിമര്‍ശിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ആന്‍ഡി റോബര്‍ട്ട്‌സ്. ഫൈനലില്‍ കിവീസിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടുമ്പോള്‍ അത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഐസിസി കിരീടം നേടുന്ന ടീമെന്ന നേട്ടത്തിലേക്ക് ടീമിനെ എത്തിച്ചു. മറ്റുള്ള ടീമുകള്‍ എല്ലാം മൈലുകള്‍ യാത്ര ചെയ്തപ്പോള്‍ ഇന്ത്യക്ക് യാത്രകള്‍ പരിശീലനവേദിയില്‍ നിന്ന് ഹോട്ടലിലേക്ക് മാത്രമായി ഒതുങ്ങി.

തങ്ങളുടെ മത്സരങ്ങള്‍ ഒന്നും കളിക്കാന്‍ പാകിസ്ഥാനില്‍ കളിക്കില്ല എന്ന നിലപാട് ഇന്ത്യ എടുത്തതോടെ ടീമിന്റെ എല്ലാ മത്സരങ്ങളും ദുബായില്‍ മാത്രമായി ഒതുക്കി. ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ വന്ന എല്ലാ ടീമുകളും പാകിസ്ഥാനില്‍ നിന്ന് ദുബായിലേക്ക് അതിനായി വരേണ്ടതായി വന്നു. ആതിഥേയരായ പാകിസ്ഥാന് പോലും സ്വന്തം രാജ്യത്ത് ടൂര്‍ണമെന്റ് നടത്തിയിട്ടും ദുബായിലേക്ക് പറക്കേണ്ടതായി വന്നു.

ഇന്ത്യക്ക് ഒരേ വേദയില്‍ കളിക്കുന്നതിന്റെ ആധിപത്യം ഉണ്ടെന്ന് മറ്റുള്ള ടീമുകളിലെ താരങ്ങള്‍ പരാതിപ്പെട്ടപ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മയും ഗൗതം ഗംഭീറും ഈ വാദത്തെ എതിര്‍ത്തു. എന്നാല്‍ തങ്ങള്‍ക്ക് ഒരേ വേദിയില്‍ കളിക്കുന്നതിന്റെ ആധിപത്യം ഉണ്ടെന്ന് മുഹമ്മദ് ഷമി സമ്മതിക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ ടൂര്‍ണമെന്റ് അവസാനിച്ചിട്ടും ഇന്ത്യ കിരീടം നേടിയിട്ടും വീണ്ടും ഈ ഒരേ വേദി കമെന്റും ബിസിസിഐയുടെ പവറിന് മുന്നില്‍ പേടിച്ച് നില്‍ക്കുന്ന ഐസിസിയെക്കുറിച്ച് റോബര്‍ട്ട്‌സ് പറഞ്ഞത് ഇങ്ങനെ:

' ഒരു ടൂര്‍ണമെന്റില്‍ ഒരു ടീമിന് മാത്രം എങ്ങനെ യാത്ര ചെയ്യാതിരിക്കാന്‍ കഴിയും. ബിസിസിയോട് ചില കാര്യങ്ങളില്‍ എങ്കിലും നോ പറയാന്‍ ഐസിസി പഠിക്കണം. ഇന്ത്യക്ക് ധാരാളം പണം ഉണ്ട്. ഐസിസിക്ക് അതിനാല്‍ തന്നെ നോ പറയാന്‍ മടിയാണ്. പക്ഷെ ക്രിക്കറ്റ് ഒരു രാജ്യത്തിന്റെ മാത്രം വിനോദം അല്ല. ഇന്ത്യ ഇനി ഒരു സമയത്ത് വൈഡ്, നോ ബോള്‍ തുടങ്ങിയ കാര്യങ്ങള്‍ വേണ്ടെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഐസിസി അതും അനുസരിക്കും.'' അദ്ദേഹം പരിഹാസമായി പറഞ്ഞു. എന്തായാലും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസത്തെ കളിയാക്കിയും ട്രോളിയും ഇന്ത്യന്‍ ആരാധകര്‍ മറുപടിയുമായി എത്തുന്നുമുണ്ട്.