- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാകിസ്താനെ തകർത്ത് വെസ്റ്റ് ഇൻഡീസിന് ചരിത്ര പരമ്പര വിജയം; മൂന്നാം ഏകദിനത്തിൽ 202 റൺസിൻ്റെ കൂറ്റൻ ജയം; സംപൂജ്യരായി മടങ്ങിയത് 5 ബാറ്റർമാർ; ബ്രയാൻ ലാറയിൽ തല കുനിച്ച് പാക് പട
ട്രിനിഡാഡ്: പാകിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ 34 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വെസ്റ്റ് ഇൻഡീസിന് ചരിത്ര വിജയം. നിർണായകമായ മൂന്നാം മത്സരത്തിൽ 202 റൺസിൻ്റെ കൂറ്റൻ ജയത്തോടെയാണ് വിൻഡീസ് 2-1ന് പരമ്പര സ്വന്തമാക്കിയത്. നായകൻ ഷായ് ഹോപ്പിൻ്റെ അപരാജിത സെഞ്ചുറിയും പേസർ ജെയ്ഡൻ സീൽസിൻ്റെ ആറ് വിക്കറ്റ് പ്രകടനവുമാണ് മൂന്നാം ഏകദിനത്തിൽ വിൻഡീസിന് അവിസ്മരണീയ ജയം സമ്മാനിച്ചത്.
ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ്, നായകൻ ഹോപ്പിൻ്റെ തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. വെറും 94 പന്തിൽ നിന്ന് 10 ഫോറും 5 സിക്സറുമടക്കം 120 റൺസുമായി ഹോപ്പ് പുറത്താകാതെ നിന്നു. ജസ്റ്റിൻ ഗ്രീവ്സ് (43*), എവിൻ ലൂയിസ് (37), റോസ്റ്റൺ ചേസ് (36) എന്നിവരും നന്നായി ബാറ്റ് ചെയ്തു.
295 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. 30 റൺസെടുത്ത സൽമാൻ ആഗ ഒഴികെ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. പാകിസ്താൻ നിര വെറും 92 റൺസിന് പുറത്തായി. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ ഉൾപ്പെടെ അഞ്ച് പാക് ബാറ്റർമാർ റണ്ണെടുക്കും മുൻപ് പുറത്തായി. 9 റൺസ് മാത്രം നേടിയ സൂപ്പർ താരം ബാബർ അസം വീണ്ടും നിരാശപ്പെടുത്തി. പാകിസ്താൻ ടീം ഒന്നടങ്കം നേടിയതിനേക്കാൾ 28 റൺസ് അധികം ഷായ് ഹോപ്പ് ഒറ്റയ്ക്ക് നേടി.
വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് 18 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി പാകിസ്താൻ്റെ നട്ടെല്ലൊടിച്ചു. സീൽസിൻ്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. മത്സരത്തിലെ താരമായി ഷായ് ഹോപ്പ് തിരഞ്ഞെടുക്കപ്പെട്ടു.
1991-ന് ശേഷം ഇതാദ്യമായാണ് വെസ്റ്റ് ഇൻഡീസ് പാകിസ്താനെതിരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഇതിനിടയിൽ നടന്ന 11 പരമ്പരകളിൽ പത്തിലും പാകിസ്താനായിരുന്നു വിജയം. തോൽവി പിന്നാലെ ആരാധകരും മുൻ താരങ്ങളും ഉൾപ്പെടെ പാകിസ്താൻ ടീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ടീം രാജ്യത്തിന് അപമാനമാണെന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ഏഷ്യാ കപ്പ് 2025-ന് തയ്യാറെടുക്കുന്ന പാകിസ്താന് കനത്ത തിരിച്ചടിയാണ് ഈ പരമ്പരയിലെ നാണംകെട്ട തോൽവി.