- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊള്ളാർഡിന്റെ റെക്കോർഡ് പഴങ്കഥയാക്കി കൊൽക്കത്തയുടെ വിശ്വസ്ത താരം; ഐപിഎല്ലില്‍ പുതിയ ചരിത്രം കുറിച്ച് വെസ്റ്റ് ഇൻഡീസ് താരം സുനില്‍ നരെയ്‌ന്

മുംബൈ: ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന വിദേശതാരമെന്ന റെക്കോർഡ് ഇനി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിശ്വസ്ത താരം സുനിൽ നരെയ്‌ന് സ്വന്തം. ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കളത്തിലിറങ്ങിയതോടെയാണ് വെസ്റ്റ് ഇൻഡീസ് താരം ഈ അപൂർവ നേട്ടം കൈവരിച്ചത്. ഐപിഎല്ലിൽ നരെയ്‌ന്റെ 190-ാം മത്സരമായിരുന്നു ഇത്.
മുംബൈ ഇന്ത്യൻസിന്റെ മുൻ താരം കീറോൺ പൊള്ളാർഡിന്റെ (189 മത്സരങ്ങൾ) റെക്കോർഡാണ് നരെയ്ൻ മറികടന്നത്. കൗതുകകരമായ വസ്തുത, തന്റെ ഐപിഎൽ കരിയറിലെ മുഴുവൻ മത്സരങ്ങളും (190) നരെയ്ൻ കൊൽക്കത്തയ്ക്ക് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളത് എന്നതാണ്.
ഐപിഎല്ലിലെ കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരങ്ങൾ:
സുനിൽ നരെയ്ൻ: 190 (കൊൽക്കത്ത)
കീറോൺ പൊള്ളാർഡ്: 189 (മുംബൈ)
എ.ബി. ഡിവില്ലിയേഴ്സ്: 184 (ഡൽഹി, ആർസിബി)
ഡേവിഡ് വാർണർ: 184 (ഡൽഹി, ഹൈദരാബാദ്)
ഡ്വെയ്ൻ ബ്രാവോ: 161 (ചെന്നൈ, ഗുജറാത്ത് ലയൺസ്, മുംബൈ)
2012-ലെ ലേലത്തിൽ മുംബൈ ഇന്ത്യൻസുമായുള്ള കടുത്ത ലേലംവിളിക്കൊടുവിൽ 3.4 കോടി രൂപയ്ക്കാണ് നരെയ്നെ കൊൽക്കത്ത സ്വന്തമാക്കിയത്. അരങ്ങേറ്റ സീസണിൽ തന്നെ ടീമിനെ കിരീടത്തിലെത്തിക്കാൻ നരെയ്‌ന്റെ പന്തുകൾക്കായി. പിന്നീട് രണ്ട് കിരീടങ്ങൾ കൂടി അദ്ദേഹം ടീമിന് സമ്മാനിച്ചു. വെറുമൊരു സ്പിന്നറിൽ നിന്നും ബാറ്റിങ്ങിലും തിളങ്ങുന്ന അപകടകാരിയായ ഓൾറൗണ്ടറായി നരെയ്ൻ മാറുന്നതിനാണ് ഐപിഎൽ സാക്ഷ്യം വഹിച്ചത്.
190 മത്സരങ്ങളിൽ നിന്നായി 192 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ബാറ്റിങ്ങിൽ ഒരു സെഞ്ചുറിയും 7 അർദ്ധസെഞ്ചുറികളുമടക്കം 1,780 റൺസും അക്കൗണ്ടിലുണ്ട്. 2024 സീസണിലെ മിന്നും പ്രകടനത്തിന് പിന്നാലെ 12 കോടി രൂപയ്ക്കാണ് കൊൽക്കത്ത നരെയ്നെ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ 246 റൺസും 12 വിക്കറ്റുകളും മാത്രമാണ് നേടാനായതെങ്കിലും ടീമിന്റെ അവിഭാജ്യ ഘടകമായി താരം ഇന്നും തുടരുന്നു.


