- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷായ് ഹോപ്പിൻ്റെ സെഞ്ചുറി പാഴായി; നേപ്പിയറിൽ തകർത്താടി ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര സഖ്യം; നതാന്‍ സ്മിത്തിന് നാല് വിക്കറ്റ്; വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര നേടി ന്യൂസിലൻഡ്
നേപ്പിയർ: രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്. മഴ കാരണം 34 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 248 റൺസിൻ്റെ വിജയലക്ഷ്യം കിവീസ് 33.3 ഓവറിൽ മറികടക്കുകയായിരുന്നു. ഡെവോൺ കോൺവെ (90), രചിൻ രവീന്ദ്ര (56) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിലായിരുന്നു കിവീസിന്റെ ജയം. വെസ്റ്റ് ഇൻഡീസിനായി തകർപ്പൻ സെഞ്ചുറി നേടിയ ഷായ് ഹോപ്പിൻ്റെ (109) ഒറ്റയാൾ പോരാട്ടം പാഴായി.
നേപ്പിയറിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ജോൺ കാംബെൽ (4), കീസി കാർത്തി (7) എന്നിവർ വേഗം മടങ്ങി. അക്കീം അഗസ്റ്റെ (22) കൂടെ പുറത്തായതോടെ വിൻഡീസ് 3ന് 62 എന്ന നിലയിലായി. എന്നാൽ, ഒരു വശത്ത് വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോഴും ഷായ് ഹോപ്പ് ക്രീസിൽ ഉറച്ചുനിന്നു. റോസ്റ്റൺ ചേസ് (2), ഷെഫാനെ റുതർഫോർഡ് (13) തുടങ്ങി പ്രമുഖ താരങ്ങൾക്കൊന്നും ഹോപ്പിന് പിന്തുണ നൽകാനായില്ല. തുടർന്ന്, തകർച്ചയുടെ വക്കിൽ നിന്ന് ടീമിനെ കരകയറ്റിയ ഹോപ്പ്, വെറും 69 പന്തിൽ നിന്ന് നാല് സിക്സറുകളും 14 ബൗണ്ടറികളും സഹിതം 109 റൺസാണ് അടിച്ചുകൂട്ടിയത്.
വിൻഡീസ് നിരയിൽ ഹോപ്പിന് പുറമെ മറ്റാർക്കും 30 റൺസിനപ്പുറം സ്കോർ ചെയ്യാൻ സാധിക്കാതെ വന്നതോടെ, നിശ്ചിത 34 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. ഹോപ്പിൻ്റെ പോരാട്ടമാണ് ടീം സ്കോർ ഈ നിലയിലെത്തിച്ചത്. ന്യൂസിലൻഡിനായി മികച്ച പ്രകടനം കാഴ്ചവെച്ച നതാന്‍ സ്മിത്ത് നാല് വിക്കറ്റുകളും, കെയ്ല്‍ ജെയ്മിസണ്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഈ സെഞ്ചുറിയോടെ ഷായ് ഹോപ്പ് ചില സുപ്രധാന നാഴികക്കല്ലുകളും പിന്നിട്ടു. ഇത് താരത്തിൻ്റെ കരിയറിലെ 19-ാം ഏകദിന സെഞ്ചുറിയാണ്. വിൻഡീസിനായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഇതിഹാസതാരം ബ്രയാൻ ലാറയ്ക്കൊപ്പം ഹോപ്പ് രണ്ടാം സ്ഥാനത്തെത്തി.
25 സെഞ്ചുറിയുമായി ക്രിസ് ഗെയ്ലാണ് ഒന്നാമൻ. കൂടാതെ, വെറും 66 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ഹോപ്പ്, ഏകദിന കരിയറിലെ തൻ്റെ വേഗമേറിയ സെഞ്ചുറിയും കുറിച്ചു. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഓസ്ട്രേലിയക്കെതിരെ ഒഴികെ എല്ലാ ടീമുകൾക്കെതിരെയും ഹോപ്പ് സെഞ്ചുറി നേട്ടം പൂർത്തിയാക്കി കഴിഞ്ഞു. ഏകദിനത്തിൽ വേഗത്തിൽ 6000 റൺസ് നേടുന്ന രണ്ടാമത്തെ വെസ്റ്റ് ഇൻഡീസ് താരമാകാനും ഹോപ്പിന് സാധിച്ചു. 142 ഇന്നിങ്‌സുകളിലാണ് താരത്തിൻ്റെ ഈ നേട്ടം. 141 ഇന്നിങ്‌സുകളിൽ 6000 റൺസ് നേടിയ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സാണ് ഈ റെക്കോർഡിൽ ഹോപ്പിന് മുന്നിലുള്ളത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഓപ്പണർ വിൽ യംഗ് (11) വേഗത്തിൽ പുറത്തായെങ്കിലും, ഡെവോൺ കോൺവെ ക്രീസിലെത്തിയതോടെ കളി മാറി. ഷായ് ഹോപ്പിൻ്റെ തകർപ്പൻ സെഞ്ചുറിക്ക് കോൺവെ തൻ്റെ ബാറ്റ് കൊണ്ട് മറുപടി നൽകുകയായിരുന്നു. 90 റൺസെടുത്ത കോൺവെ, രചിൻ രവീന്ദ്രയുമായി ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. 46 പന്തിൽ 56 റൺസ് നേടിയ രവീന്ദ്ര പുറത്തായെങ്കിലും, കോൺവെ കിവീസിനെ വിജയത്തിലേക്ക് നയിച്ചു.
എന്നാൽ സെഞ്ചുറിക്ക് 10 റൺസകലെ കോൺവെ വീണു. മാർക് ചാപ്മാൻ (0), മൈക്കിൾ ബ്രേസ്വെൽ (11) എന്നിവർ വേഗത്തിൽ മടങ്ങിയത് കിവീസിന് ചെറിയ ആശങ്ക നൽകിയെങ്കിലും, പിന്നീട് വന്ന ടോം ലാഥം (29 പന്തിൽ പുറത്താവാതെ 39), മിച്ചൽ സാന്റ്നർ (15 പന്തിൽ 34) എന്നിവർ അതിവേഗം റൺസ് കണ്ടെത്തി കിവീസിൻ്റെ വിജയം ഉറപ്പിച്ചു. ലാഥം, സാന്റ്നർ എന്നിവരുടെ പ്രകടനങ്ങൾ കൂടിയായപ്പോൾ ന്യൂസിലൻഡ് 33.3 ഓവറിൽ വിജയലക്ഷ്യം മറികടന്നത്.




