- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസരം മുതലാക്കാത്ത കരുണ്‍ നായര്‍ നാലാം ടെസ്റ്റില്‍ നിന്നും പുറത്തായേക്കും; പകരക്കാരനായി യുവതാരം സായ് സുദര്‍ശനെ കളിപ്പിക്കാന്‍ നീക്കമെന്ന് സൂചന
അവസരം മുതലാക്കാത്ത കരുണ്‍ നായര്‍ നാലാം ടെസ്റ്റില്‍ നിന്നും പുറത്തായേക്കും
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ മലയാളി താരം കരുണ്‍നായര്‍ പുറത്തായേക്കും. ഒമ്പത് ടെസ്റ്റുകളിലെ 13 ഇന്നിങ്‌സുകളില്‍നിന്ന് 505 റണ്‍സ നേടിയ കരുണ്‍ നായര്‍ തനിക്ക് ലഭിച്ച രണ്ടാമൂഴം മുതലാക്കിയിട്ടില്ല. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയാണ് കരുണിന്റെ ടെസ്റ്റ് കരിയറില്‍ എടുത്തു പറയാന്‍ കഴിയുന്ന കാര്യം.
എട്ടു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് കരുണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമിനും സ്ഥിരതക്കുമൊപ്പം കരുണിന് തുണയായത് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും പടിയിറക്കം കൂടിയായിരുന്നു. ഇംഗ്ലണ്ടില്‍ തിളങ്ങിയാല്‍ ടീമില്‍ സാന്നിധ്യമുറപ്പിക്കാനുള്ള സുവര്‍ണാവസരം. എന്നാല്‍, മൂന്നു മത്സരങ്ങളിലെ ആറ് ഇന്നിങ്‌സുകള്‍ കഴിയുമ്പോള്‍ കരുണിന്റെ കാര്യം ഏറെ കഷ്ടത്തിലാണ്. അക്കൗണ്ടിലുള്ളത് 131 റണ്‍സ് മാത്രം. കൂടിയ സ്‌കോര്‍ 40. ആദ്യ ടെസ്റ്റില്‍ ആറാം നമ്പറിലിറങ്ങിയ കരുണിന് പിന്നീടുള്ള രണ്ട് കളികളില്‍ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെങ്കിലും അതൊന്നും മുതലാക്കാനായില്ല. 0, 20, 31, 26, 40, 14 എന്നിങ്ങനെയാണ് ആറ് ഇന്നിങ്‌സുകളിലെ കരുണിന്റെ സ്‌കോര്‍.
കോഹ്‌ലിയും രോഹിതും ഒഴിച്ചിട്ട സ്ഥാനങ്ങളിലേക്ക് ആദ്യ ടെസ്റ്റില്‍ അവസരം കിട്ടിയത് സായ് സുദര്‍ശനും കരുണിനുമായിരുന്നു. എന്നാല്‍, രണ്ടാം മത്സരത്തില്‍ ഒരു ഓള്‍റൗണ്ടറെ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്താകാനുള്ള നറുക്ക് വീണത് അരങ്ങേറ്റക്കാരനായ സുദര്‍ശന്. പരിചയസമ്പത്തിന്റെ ബലത്തില്‍ സ്ഥാനം നിലനിര്‍ത്തിയ കരുണിന് സുദര്‍ശന്റെ അഭാവത്തില്‍ വണ്‍ഡൗണ്‍ പൊസിഷനില്‍ അവസരം കിട്ടുകയും ചെയ്തു. കോഹ്‌ലി പോയതോടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നാലാം നമ്പറിലേക്ക് മാറിയതിനാല്‍ മൂന്നാം നമ്പറില്‍ കുറ്റിയുറപ്പുള്ള ഒരു ബാറ്ററെ തേടുന്ന ഇന്ത്യക്ക് സാങ്കേതിക തികവോടെ കളിക്കുന്ന കരുണില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
കളിച്ച കളികളിലൊന്നും മോശം ഷോട്ടിലോ വിക്കറ്റ് വലിച്ചെറിഞ്ഞോ അല്ല കരുണ്‍ പുറത്തായത്. പക്ഷേ, നല്ല തുടക്കം ലഭിച്ച കളികളില്‍പോലും അത് ടീമിന് ഉപകാരപ്പെടുംവിധം മികച്ച സ്‌കോറിലേക്കുയര്‍ത്താന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് തിരിച്ചടിയായത്. ലോഡ്‌സിലെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് പേസര്‍ ബ്രൈഡന്‍ കാഴ്‌സിനു മുന്നില്‍ ഷോട്ട് കളിക്കാതെ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയുള്ള പുറത്താകല്‍ കരുണിന്റെ ആത്മവിശ്വാസമില്ലായ്മയുടെ ഉദാഹരണം കൂടിയായി.
മൂന്നു കളികളിലും തിളങ്ങാത്ത കരുണിനു പകരം നാലാം ടെസ്റ്റില്‍ സായ് സുദര്‍ശനെ കളിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം എന്നാണ് സൂചന. മാഞ്ചസ്റ്ററില്‍ ടീമില്‍ മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. പേസ് കുന്തമുന ജസ്പ്രീത് ബുംറ മൂന്നു മത്സരങ്ങളില്‍ മാത്രമേ കളിക്കൂ എന്ന് ടീം മാനേജ്‌മെന്റ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.