മുംബൈ: രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ ഇരട്ടിയിലധികം വര്‍ധന വരുത്തി ബി.സി.സി.ഐ. നവംബറില്‍ ഇന്ത്യ ആദ്യമായി വനിത ഏകദിന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് താരങ്ങളുടെ പ്രതിഫലത്തിലും ആനുകൂല്യത്തിലും വന്‍ വര്‍ധന വരുത്താനാണ് തീരുമാനം.

മുതിര്‍ന്ന വനിത താരങ്ങളുടെ പ്രതിഫലം 20,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തും. നിലവില്‍ സീനിയര്‍ വനിത ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 20,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 10,000 രൂപയാണ് പ്രതിദിനം നല്‍കുന്നത്. ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 10,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 5000 രൂപയുമായിരുന്നു. സീനിയര്‍ ടൂര്‍ണമെന്റുകളില്‍ സീസണില്‍ ലീഗ് സ്റ്റേജുകളില്‍ മാത്രം കളിക്കുകയാണെങ്കില്‍ ഒരു താരത്തിന് ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയാണ് കിട്ടിയിരുന്നത്.

ബി.സി.സി.ഐയുടെ പുതിയ ശമ്പള പരിഷ്‌കരണത്തിലൂടെ ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള സീനിയര്‍ താരങ്ങള്‍ക്ക് പ്രതിദിനം 50,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 25,000 രൂപയും ലഭിക്കും. ട്വന്റി20 മത്സരങ്ങള്‍ക്ക് പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 25,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12,500 രൂപയുമാണ് പ്രതിഫലം. ജൂനിയര്‍ വനിത ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവന്‍ താരങ്ങള്‍ക്ക് 25,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12,500 രൂപയും ട്വന്റി20 മത്സരങ്ങളില്‍ 12,5000, 6250 രൂപ എന്നിങ്ങനെയും ലഭിക്കും.

രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് വരുത്തിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. താരങ്ങള്‍ക്ക് തുല്യവേതനം നടപ്പാക്കണമെന്ന മുന്‍ ബി.സി.സി.ഐ സെക്രട്ടറിയും നിലവിലെ ഐ.സി.സി ചെയര്‍മാനുമായ ജയ് ഷായുടെ നിര്‍ദേശം മുന്നോട്ടുകൊണ്ടുപോകക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്കുള്ള സമാനമായ വേതനം തന്നെ വനിത താരങ്ങള്‍ക്കും നല്‍കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിരുന്നു.

ക്രിക്കറ്റില്‍ പുരുഷ, വനിതാ ടീമുകള്‍ക്കു തുല്യ വേതനം നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജൂലൈയില്‍ ന്യൂസീലന്‍ഡ് രാജ്യാന്തര, ആഭ്യന്തര മത്സരങ്ങളില്‍ തുല്യ വേതനം പ്രഖ്യാപിച്ചിരുന്നു. ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട വനിതാ താരങ്ങള്‍ക്കു മാത്രമാകും തുല്യ വേതനം ലഭിക്കുക.