കൊളംബോ: വനിതാ ലോകകപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന മത്സരം വൈകിട്ട് മൂന്നിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കുക. ഏഷ്യാ കപ്പില്‍ പുരുഷ ടീമുകള്‍ക്കിടയില്‍ തീപാറിയ ആവേശം തീര്‍ന്നതുമുമ്പാണ് ഇപ്പോള്‍ വനിതാ ക്രിക്കറ്റ് ടീം മത്സരത്തിന് ഇറങ്ങുന്നത്.

ശ്രീലങ്കക്കെതിരെ ആദ്യ മത്സരത്തില്‍ കരുത്താര്‍ജ്ജിച്ച വിജയം നേടിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. 59 റണ്‍സിന്റെ വ്യത്യാസത്തില്‍ ലഭിച്ച ആ ജയം ടീമിന് മികച്ച തുടക്കം നല്‍കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം സ്മൃതി മന്ധാന, ദീപ്തി ശര്‍മ്മ, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ബാറ്റ്-ബോളില്‍ മികവ് തെളിയിച്ച ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ പ്രധാന ആയുധം.

അതേസമയം, ബംഗ്ലാദേശിനോട് തോറ്റതിന്റെ ആഘാതത്തിലാണ് പാകിസ്ഥാന്‍ വനിതാ ടീം. ക്യാപ്റ്റന്‍ സന ഫാത്തിമയുടെ നേതൃത്വത്തില്‍ തിരിച്ചുവരവിന് പാകിസ്ഥാന്‍ ശ്രമിക്കുമ്പോഴും സ്പിന്നര്‍മാരായ സാദിയ ഇഖ്ബാല്‍, നഷ്‌റ സന്ദു എന്നിവരുടെ ഫോം ഔട്ട് അവര്‍ക്കുള്ള വെല്ലുവിളിയാണ്.

ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ 27 മത്സരങ്ങളില്‍ 24 തവണയും ഇന്ത്യയാണ് ജയം നേടിയിട്ടുള്ളത്. പാകിസ്ഥാന്‍ നേടിയ മൂന്ന് വിജയങ്ങളും ടി20 ഫോര്‍മാറ്റിലായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്ഥാന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യില്ലെന്ന ബിസിസിഐയുടെ നിലപാട് വനിതാ ലോകകപ്പിലും തുടരുമെന്നാണ് വിവരം. ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് സെമിഫൈനല്‍ പ്രതീക്ഷകളെ ശക്തിപ്പെടുത്തു. അതേസമയം, പാകിസ്ഥാന്‍ ഈ മത്സരത്തില്‍ തോറ്റാല്‍ നിലനില്‍പ്പിനെ തന്നെ ബാധിക്കും.