ദുബായി: വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാന് ഇന്ന് അഗ്നിപരീക്ഷ. സെമി സാധ്യത നിലനിർത്താൻ നിർണായകമായ പോരാട്ടത്തിൽ അവരുടെ എതിരാളികൾ ശക്തരായ ഓസ്‌ട്രേലിയ. നിലവിൽ ഈ ലോകകപ്പിൽ ഓസ്‌ട്രേലിയ പരാജയമറിഞ്ഞിട്ടില്ല. മത്സരം രാത്രി 7.30 ക്ക് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താൻ പാകിസ്ഥാനായാൽ ഈ ലോകകപ്പിലെ മരണ ഗ്രൂപ്പായി അറിയപ്പെടുന്ന എ ഗ്രൂപ്പിൽ വരാനിരിക്കുന്ന മത്സരങ്ങൾക്ക് വാശിയേറും.

ഓസ്‌ട്രേലിയ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്ന മത്സരമല്ല ഇന്നത്തേത്. പാകിസ്ഥാനെതിരെ ജയിക്കാനായാൽ സെമിയിലേക്ക് കടക്കുമെന്ന് കാര്യം ഓസ്‌ട്രേലിയക്ക് ഏറക്കുറെ ഉറപ്പിക്കാം. മികച്ച ഫോമിലാണ് കങ്കാരുപ്പട. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അവർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. വലിയ മാര്ജിനിലായിരുന്നു ജയം എന്നതിനാൽ നെറ്റ് റൺ റേറ്റും മറ്റു ടീമുകളേക്കാൾ ഏറെ മുകളിലാണ്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിനു പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയ രണ്ടാം മത്സരത്തിൽ ന്യൂസീലാൻഡിനെ 60 റൺസിന് തകർത്തു.

എന്നാൽ മികച്ച പ്രകടനത്തോടെ ലോകകപ്പ് ആരംഭിച്ച പാകിസ്ഥാന് ഫോം നിലനിർത്താനായില്ല. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തകർത്ത അവർക്ക് രണ്ടാം മത്സരത്തിൽ ഇന്ത്യയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. നിലവിൽ ബി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് പാകിസ്ഥാൻ. ഇന്ന് വലിയ മാർജിനിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താനായാൽ രണ്ടാം സ്ഥാനത്തേക്ക് എത്താനാകും.

കണക്കുകളിലും നിലവിലെ ഫോമിലുമെല്ലാം ഓസ്‌ട്രേലിയക്ക് തന്നെയാണ് വിജയ സാധ്യത. ടി20 അന്താരാഷ്‌ട്ര മത്സരങ്ങളിൽ കങ്കാരുപ്പടയെ പരാജയപ്പെടുത്താൻ പാകിസ്‌താനിതുവരെ സാധിച്ചിട്ടില്ല. 13 തവണയാണ് ഓസ്‌ട്രേലിയ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരം ജയിച്ച സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്‌ഷ്യം