ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് വിജയത്തിനു ശേഷം രാജ്യത്ത് മടങ്ങിയെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലൊരുക്കിയ വിരുന്നിന് ശേഷം മുംബൈയില്‍ വിക്ടറി പരേഡിനായി എത്തിക്കഴിഞ്ഞു. അഞ്ച് മണിക്ക് നരിമാന് പോയിന്റ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ നടക്കുന്ന വിക്ടറി പരേഡില്‍ പങ്കെടുക്കും. മുംബൈയിലും താരങ്ങളെ കാത്തിരിക്കുന്നത് വലിയ ആഘോഷ പരിപാടികളാണ്.

ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രഭാത ഭക്ഷണം ഒരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലായിരുന്നു. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തി ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയെ കണ്ടു. ടീമിനൊപ്പം പ്രാതല്‍ കഴിച്ച പ്രധാനമന്ത്രി ലോകകപ്പ് ട്രോഫിയുമായി ടീമിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഈ ചിത്രം ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ്.

ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ട്രോഫിയില്‍ പിടിക്കാതിരുന്ന പ്രധാനമന്ത്രിയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ട്രോഫി പിടിച്ചിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും കൈകളില്‍ പിടിച്ചാണ് മോദി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ട്രോഫി നേരിട്ട് കൈയിലെടുക്കാതെ അത് സ്വന്തമാക്കിയവരെ ബഹുമാനിച്ചുള്ള മോദിയുടെ പ്രവൃത്തിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു മണിക്കൂറോളം പ്രധാനമന്ത്രി ഇന്ത്യന്‍ താരങ്ങളുമായി സംസാരിച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും ഇന്ത്യന്‍ ടീമിനൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി പ്രധാനമന്ത്രിയുടെ കൈകളിലേക്കു നല്‍കിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍നിന്ന് ഇറങ്ങിയ താരങ്ങള്‍ മുംബൈയിലേക്കു പോയി.

നേരത്തെ ബാര്‍ബഡോസിലെ വിജയത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ട്രോഫി സമ്മാനിച്ചത് ബിസിസഐ സെക്രട്ടറി ജയ് ഷാ ആയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ട്രോഫി സമ്മാനിച്ച ശേഷം രോഹിത്തിനൊപ്പം അത് ഉയര്‍ത്തിയ ഷായുടെ നടപടി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ പ്രവൃത്തി ആരാധകരുടെ മനം കവര്‍ന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ ആറു മണിക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ബാര്‍ബഡോസില്‍നിന്ന് ബുധനാഴ്ച പുറപ്പെട്ട സംഘം 16 മണിക്കൂര്‍ യാത്ര ചെയ്ത് നാട്ടിലെത്തി. ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ അതിരാവിലെ തന്നെ നൂറുകണക്കിന് ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്. ഹോട്ടലിലെത്തി കുറച്ചുനേരം വിശ്രമിച്ച ശേഷം ഇന്ത്യന്‍ താരങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കു പോകുകയായിരുന്നു.

ലോകകപ്പ് ഫൈനല്‍ നടന്ന ബാര്‍ബഡോസില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കുടുങ്ങിയ ഇന്ത്യന്‍ ടീം ദിവസങ്ങള്‍ വൈകിയാണ് കിരീടവുമായി ജന്‍മനാട്ടിലേക്ക് മടങ്ങിയെത്തിയത്. ടീമംഗങ്ങളെ കാണാന്‍ അര്‍ദ്ധരാത്രിമുതല്‍ ആരാധകര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ലോകകപ്പുമായി രോഹിത് ശര്‍മ്മയും സഞ്ജു സാംസണടക്കമുള്ള താരങ്ങളും പുറത്തിറങ്ങിയപ്പോള്‍ ആവേശം അണപൊട്ടി. 9 മണിയോടെ നഗരത്തിലെ സ്വകാര്യ ഹോട്ടലിലെത്തി വിശ്രമം, ഹോട്ടലിലും കേക്ക് മുറിച്ച് ആഘോഷം. കാത്ത് കാത്തിരുന്ന കപ്പില് താരങ്ങള്‍ മുത്തമിടുന്ന ദൃശ്യങ്ങള്‍ ബിസിസിഐയും പങ്കുവച്ചു. പത്തരയോടെ ഹോട്ടലില് നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക്.