മുംബൈ: ഓ, എന്തൊരു ഗെയിം! ആരായാലും പറഞ്ഞുപോകും. അട്ടിമറി മോഹിച്ച അഫ്ഗാനിസ്ഥാനെ നിരാശരാക്കി ഗ്ലെൻ മാക്‌സ്വെൽ വിശ്വരൂപം പുറത്തെടുത്തതോടെ, ഓസ്‌ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം. ഡബിൾ സെഞ്ചുറി അടിച്ച് തകർത്ത് മാക്‌സ്വെൽ അവിശ്വസനീയ ജയത്തിലൂടെ ഓസീസിന് സെമി ബർത്ത് ഉറപ്പിക്കുകയും ചെയ്തു. ഏകദിന ക്രിക്കറ്റിലെ മാസ്മരിക പ്രകടനം എന്നല്ലാതെ എന്തുപറയാൻ!

കളി ക്ലൈമാക്‌സിലേക്ക് അടുത്തപ്പോൾ ഓസീസിന് 21 പന്തിൽ 9 റൺസ് വേണമായിരുന്നു, മാക്‌സ്വൽ അപ്പോൾ 190 കളിൽ. മുജീബ് ഉർ റഹ്‌മാനെ തുടരെ സ്ിക്‌സടിച്ച് മാക്‌സ്വൽ ജയത്തിലേക്ക് കുതിച്ചു. 201 റൺസാണ് മാക്‌സ്വൽ സ്വന്തം പേരിൽ കുറിച്ചത്.

അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ടീം ഏഴു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന പരിതാപകരമായ അവസ്ഥയിൽ നിന്നാണ് ഉയിർത്തെഴുന്നേറ്റത്. 292 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 19 പന്ത് ബാക്കി നിൽക്കെ എത്തിപ്പിടിച്ചു. ഓസീസിന് ഇത് തുടർച്ചയായ ആറാം ജയം. അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് സ്വപ്‌നങ്ങൾ അവസാനിച്ചിട്ടില്ല താനും.

എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം 170 പന്തിൽ 202 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് തീർത്ത മാക്‌സ്‌വെല്ലിന് പുറംവേദനയും മസിലു കയറ്റവും വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ടീമിന്റെ ജയം മാത്രമായിരുന്നു മനസ്സിൽ. സിംഗിളുകൾ ഓടാനുള്ള വിഷമം കാരണം ഏറിയ പങ്കും ബൗണ്ടറികളായിരുന്നു. ആകെ സ്വന്തമാക്കിയ 201 റൺസിൽ 144 റൺസും മാക്‌സ്‌വെൽ കണ്ടെത്തിയത് ബൗണ്ടറിയിലൂടെ ആയിരുന്നു.

ഓസ്ട്രേലിയക്ക് 100 എത്തും മുൻപ് അഞ്ചാം വിക്കറ്റും നഷ്ടമായിരുന്നു. 69ൽ വച്ച് ഓസീസിന് മർനസ് ലബുഷെയ്നെ നഷ്ടമായി. അഫ്ഗാനിസ്ഥാന് ചരിത്ര അട്ടിമറിക്ക് വീഴ്‌ത്തേണ്ടിയിരുന്നത് നാല് വിക്കറ്റുകളും. 28 പന്തുകൾ പ്രതിരോധിച്ച ലബുഷെയ്ൻ 14 റൺസിൽ നിൽക്കെ റണ്ണൗട്ടായി. പിന്നാലെ എത്തിയ മാർക്കസ് സ്റ്റോയിനിസും വീണു. താരം 6 റൺസിൽ പുറത്തായി. റാഷിദ് ഖാനാണ് വിക്കറ്റ്. പിന്നാലെ മിച്ചൽ മാർഷിനേയും (3) റാഷിദ് തന്നെ മടക്കി. ഓസ്ട്രേലിയയുടെ അവസാന ബാറ്റിങ് പ്രതീക്ഷയായിരുന്ന ഗ്ലെൻ മാക്സ്വെൽ തന്നിൽ ടീം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചു.

ഡേവിഡ് വാർണർ (18), ട്രാവിസ് ഹെഡ്ഡ് (0), മിച്ചൽ മാർഷ് (24), ജോഷ് ഇംഗ്ലിസ് (0) എന്നിവർ ആദ്യ ഘട്ടത്തിൽ തന്നെ കൂടാരം കയറി. നവീൻ ഉൾ ഹഖ്, അസ്മതുല്ല ഒമർസായ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.

മുംബൈ, വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ഇബ്രാഹിം സദ്രാന്റെ (143 പന്തിൽ 129) സെഞ്ചുറി കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് നേടിയത്. ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ നാല് സ്പിന്നർമാരുമായിട്ടാണ് അഫ്ഗാൻ ഇറങ്ങിയത്. ഓസീസ് രണ്ട് മാറ്റം വരുത്തി സ്റ്റീവൻ സ്മിത്ത്, കാമറൂൺ ഗ്രീൻ പുറത്തായി. മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്വെൽ ടീമിലെത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ ഹഷ്മത്തുള്ള ഷഹീദിയുടെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബാറ്റർമാർ കാഴ്ചവെച്ചത്. ആദ്യ വിക്കറ്റിൽ റഹ്‌മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും 38 റൺസ് കൂട്ടിച്ചേർത്തു. ഗുർബാസിനെ (21) അഫ്ഗാന് നഷ്ടമായി. ജോഷ് ഹേസൽവുഡിന്റെ പന്തിൽ മിച്ചൽ സ്റ്റാർക്കിന് ക്യാച്ച്. മൂന്നാമനായി വന്ന റഹ്‌മത്ത് ഷായും നന്നായി ബാറ്റുവീശി. ഇതോടെ ടീം സ്‌കോർ 100 കടന്നു.

മൂന്നാം വിക്കറ്റിൽ റഹ്‌മത്ത് ഷാ (30) സദ്രാൻ സഖ്യം 121 റൺസ് കൂട്ടിചേർത്തു. നല്ല രീതിയിൽ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോൾ റഹ്‌മത്ത് മടങ്ങി. ഗ്ലെൻ മാക്‌സ്വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തിൽ റൺസ് കണ്ടെത്താൻ അഫ്ഗാൻ താരങ്ങൾക്കായില്ല. ക്യാപ്റ്റൻ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമർസായ് (22), മുഹമ്മദ് നബി (12) എന്നിവർക്ക് തിളങ്ങാനായില്ല.

നബി മടങ്ങുമ്പോൾ 45.3 ഓവറിൽ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാൻ. അവസാന 27 പന്തിൽ 58 റൺസണ് അഫ്ഗാൻ അടിച്ചെടുത്തത്. ഇതിൽ 18 പന്തുകൾ നേരിട്ട റാഷിദ് ഖാൻ പുറത്താവാതെ 35 റൺസ് നേടി. മൂന്ന് സിക്‌സും രണ്ട് ഫോറും റാഷിദിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇതിനിടെ സദ്രാൻ സെഞ്ചുറി പൂർത്തിയാക്കി. 143 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെയാണ് താരം 129 റൺസെടുത്തത്.

ക്രിക്കറ്റ് ലോകകപ്പിലെ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ചുറി എന്ന റെക്കോഡ് സദ്രാൻ സ്വന്തമാക്കി. ആദം സാംപ, ജോഷ് ഹെയ്‌സൽവുഡ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് തുടങ്ങിയ ലോകോത്തര ബൗളർമാരെ അനായാസം നേരിട്ട സദ്രാൻ ആരാധകരുടെ മനം കവർന്നു.

അവസാന ഓവറുകളിൽ റാഷിദ് ഖാൻ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. പിന്നാലെ സദ്രാനും ഗിയർ മാറ്റി. ഇതോടെ ഓസീസ് പതറി. വെറും 26 പന്തിൽ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. മിച്ചൽ സ്റ്റാർക്ക് ചെയ്ത അവസാന ഓവറിൽ റാഷിദ് ഖാൻ രണ്ട് സിക്‌സും ഒരു ഫോറുമാണ് അടിച്ചത്. അവസാന 36 പന്തിൽ 75 റൺസാണ് അഫ്ഗാൻ അടിച്ചുകൂട്ടിയത്. സദ്രാൻ 143 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 129 റൺസെടുത്ത് പുറത്താവാതെ നിന്നു. റാഷിദ് വെറും 18 പന്തിൽ രണ്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 35 റൺസ് നേടി അപരാജിതനായി നിന്നു.

സ്‌കോർ: അഫ്ഗാനിസ്ഥാൻ - 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291. ഓസ്‌ട്രേലിയ 46.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ്.