മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ആധികാരിക ജയവുമായി ലോക ടെസ്റ്റ് ചാമ്പ്യൻപ്പിൽ ഓസ്‌ട്രേലിയ ഫൈനൽ ബർത്തുറപ്പിച്ചപ്പോൾ രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സമനില വഴങ്ങിയ ന്യൂസിലൻഡും പാക്കിസ്ഥാനും ഫൈനലിലെത്താതെ പുറത്തായി. ഇതോടെ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ ഉയരുകയും ചെയ്തു. ഓസ്‌ട്രേലിയ ഉൾപ്പെടെ നാലു ടീമുകൾക്കാണ് ഇനി ഫൈനൽ സാധ്യതയുള്ളത്. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒപ്പം ദക്ഷിണാഫ്രിക്കും ശ്രീലങ്കക്കും ഇപ്പോഴും സാധ്യതകൾ അവശേഷിക്കുന്നുണ്ട്. ഓരോ ടീമുകളുടെയും ഫൈനൽ സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.

ഓസ്‌ട്രേലിയ

ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ടെസ്റ്റും ഇന്ത്യക്കെതിരെ നാലു ടെസ്റ്റും അടക്കം അഞ്ച് ടെസ്റ്റുകളാണ് ഓസ്‌ട്രേലിയക്ക് മുന്നിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് ടേബിളിൽ 132 പോയന്റും 78.57 വിജയശതമാനവും ഓസീസിനുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 2-0ന് തോറ്റാലും ഓസീസ് ഫൈനലിലെത്തും.

ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പര 3-1ന് ജയിച്ചാൽ വിജയശതമാനത്തിൽ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ള ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും മറികടന്ന് ഫൈനൽ ഉറപ്പിക്കാം. നിലവിൽ 99 പോയന്റും 58.93 വിജയശതമാനവുമാണ് ഇന്ത്യക്കുള്ളത്. ഓസീസിനെതിരെ 3-1ന് പരമ്പര ജയിച്ചാൽ ഇന്ത്യക്ക് 62.5 വിജയശതമാനം ഉറപ്പിക്കാനാവും. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ശേഷിക്കുന്ന എല്ലാ ടെസ്റ്റും ജയിച്ചാലും ഇത് മറികടക്കാനാവില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പര 2-2 സമനിലയായാൽ ഇന്ത്യയുടെ വിജയശതമാനം 56.94 ആയി കുറയും.

അങ്ങനെ വന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് സാധ്യത തെളിയും. പക്ഷെ അതിനവർ ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് ജയിക്കുകയും വെസ്റ്റ് ഇൻഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പര 2-0ന് തൂത്തുവാരുകയും വേണം. അങ്ങനെയെങ്കിൽ ദക്ഷിണാഫ്രിക്ക വിജയശതമാനത്തിൽ(60.00) ഇന്ത്യക്ക് മുന്നിലെത്തും. ശ്രീലങ്കക്കാകട്ടെ കാര്യങ്ങൾ കുറച്ചു കൂടി കടുപ്പമാണ്. ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന പരമ്പര 2-0ന് തൂത്തുവാരിയാൽ മാത്രമെ വിജയശതമാനത്തിൽ(61.11) ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും മറികടക്കാനാവു.

സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും 46.97 വിജയശതമാനമുള്ള ഇംഗ്ലണ്ട് ഫൈനൽ കാണാതെ നേരത്തെ പുറത്തായി. ഇനിയുള്ള എല്ലാ ടെസ്റ്റും ജയിച്ചാലും വെസ്റ്റ് ഇൻഡീസിന് പരമാവധി 50 വിജയശതമാനം മാത്രമെ നേടാനാവു എന്നതിനാൽ അവരും ഫൈനൽ കളിക്കില്ലെന്ന് ഉറപ്പാണ്. 38.46 വിജയശതമാനമുള്ള പാക്കിസ്ഥാനും 26.67 വിജയശതമാനമുള്ള ന്യൂസിലൻഡിനും മുന്നിലുള്ള വഴികളും അടയുകയും ചെയ്തു.