- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ധോണിയോടും കപില്‍ ദേവിനോടും ഞാന്‍ മാപ്പ് ചോദിക്കുന്നു'; പിതാവിന്റെ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി യുവരാജ് സിങ്
പിതാവിന്റെ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി യുവരാജ് സിങ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ എംഎസ് ധോണിയോടും കപില്‍ ദേവിനോടും പരസ്യമായി മാപ്പപേക്ഷിച്ച് മുന്‍ താരം യുവരാജ് സിങ്. തന്റെ പിതാവ് യോഗ്രാജ് സിങ് മുന്‍ താരങ്ങള്‍ക്കെതിരെ നടത്തിയ വിവാദപരമായ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് യുവരാജിന്റെ ക്ഷമാപണം.
ഒരു സ്‌പോര്‍ട്‌സ് പോഡ്കാസ്റ്റിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. പിതാവ് നടത്തിയ അഭിമുഖങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടോ എന്ന ചോദ്യത്തിന്, 'അച്ഛാ, ഇത് ശരിയല്ല' എന്ന് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് യുവരാജ് വെളിപ്പെടുത്തി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്.
എന്നാല്‍ യുവരാജിന് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ലഭിക്കാത്തതില്‍ എംഎസ് ധോണിയാണ് കാരണമെന്ന് ആരോപിച്ച് യോഗ്രാജ് സിങ് പലതവണ രംഗത്തെത്തിയിരുന്നു. കൂടാതെ, 1980-കളില്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരില്‍ അന്ന് നായകനായിരുന്ന കപില്‍ ദേവിനെ വധിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്നതടക്കമുള്ള യോഗ്രാജിന്റെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദമായിരുന്നു.
തന്റെ പിതാവ് മുന്‍പ് നടത്തിയ ഇത്തരം വൈകാരികവും പ്രകോപനപരവുമായ പ്രസ്താവനകള്‍ മൂലം സഹതാരങ്ങള്‍ക്കും മുതിര്‍ന്ന താരങ്ങള്‍ക്കും ഉണ്ടായ വിഷമത്തിന് പരിഹാരമായാണ് യുവരാജ് ഇപ്പോള്‍ മാപ്പപേക്ഷിച്ചിരിക്കുന്നത്. 'കപില്‍ ദേവിനോടും എംഎസ് ധോണിയോടും ഞാന്‍ മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നു,' എന്ന് യുവരാജ് വ്യക്തമാക്കി. പിതാവിന്റെ നിലപാടുകളെ തള്ളിക്കൊണ്ടുള്ള യുവരാജിന്റെ ഈ പ്രതികരണം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.


