മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഭാര്യയും പ്രശസ്ത ഡാന്‍സറും യൂട്യൂബറുമായ ധനശ്രീ വര്‍മ്മയും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു, എന്നാല്‍ കുറച്ചുകാലമായി ഒരുമിച്ച് കാണാറില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇവരുടെ വേര്‍പിരിയലിന് ഔദ്യോഗിക ഉറപ്പ് കിട്ടുന്നത്. വ്യാഴാഴ്ച്ച ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഹാജരായ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി.

വിവാമോചനത്തില്‍ ഒപ്പിടുന്നതിന് മുമ്പ് 45 മിനിറ്റോളം കൗണ്‍സിലിങ് ഉണ്ടായിരുന്നു. എന്നാല്‍ അതിനുശേഷം വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊരുത്തക്കേടുകളുണ്ടാകുന്നുവെന്നും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി രണ്ടു പേരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.30-ഓടെ ജഡ്ജി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചുകൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനാംശമായി ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് വിഷമിച്ചിരിക്കാമെന്നും അതല്ലെങ്കില്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ച് സമാധാനം കണ്ടെത്താം എന്നുമായിരുന്നു ധനശ്രീയുടെ സ്റ്റോറി. എപ്പോഴും താന്‍പോലും അറിയാതെ കൂടെ നില്‍ക്കുന്നതിന് ദൈവത്തിന് നന്ദി പറഞ്ഞുള്ളതായിരുന്നു ചഹലിന്റെ പോസ്റ്റ്. കഴിഞ്ഞ 18 മാസമായി ചഹലും ധനശ്രീയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോയും ചെയ്തിരുന്നു. ധനശ്രീക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ചഹല്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരും വേര്‍പിരിയുകയാണെന്ന അഭ്യൂഹം ശക്തമായി.

ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാതിരുന്ന സമയത്ത് ചഹല്‍ ഓണ്‍ലൈനില്‍ നൃത്തം പഠിച്ചിരുന്നു. ധനശ്രീയായിരുന്നു അധ്യാപിക. അന്ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലും പിന്നീട് വിവാഹത്തിലുമെത്തുകയായിരുന്നു. വിവാഹമോചനം സംബന്ധിച്ച് ഇരുവരും മറ്റ് പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.