മുംബൈ: തുടരെ തുടരെയുള്ള ടെസ്റ്റ് പരാജയത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ ടീമില്‍ സംഭവച്ചിക്കൊണ്ടിരിക്കുന്നത്. കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കെതിരെ വലിയ രീതിയില്‍ ആരോപണങ്ങള്‍ എത്തിയിരുന്നു. കോച്ചിനെയും ക്യാപ്റ്റനെയും മാറ്റണം എന്നും രോഹിത് ടെസ്റ്റില്‍ നിന്നും വിരമിക്കണം എന്നും വരെ വലിയ വിവാദങ്ങള്‍ ഉണ്ടായി. തോല്‍വിക്ക് പിന്നാലെ വലിയ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ടീം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ബിസിസിഐ. ഗംഭീറിനെയും രോഹിത്തിനെയും പലരും തള്ളിപ്പറഞ്ഞെങ്കില്‍ ഇപ്പോര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്.

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഗംഭീറിന്റെയും രോഹിത് ശര്‍മയുടെയും സ്ഥാനം പുനര്‍മൂല്യനിര്‍ണയം നടത്തട്ടെ എന്നും അത് വരെ ഇരുവര്‍ക്കും സാവകാശം നല്‍കണമെന്നും യുവരാജ് സിംഗ് പറഞ്ഞു. 'ഞാന്‍ ഇത് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ പരമ്പരകള്‍ നോക്കൂ..ഒരുപാട് പരമ്പരകള്‍ ജയിച്ചാല്‍ മാത്രമേ ആരാധകര്‍ നല്ലത് പറയൂ, എന്നാല്‍ ഒരു പരമ്പര തോറ്റാല്‍ തന്നെ വിമര്‍ശിക്കപ്പെടും, യുവരാജ് പറഞ്ഞു.

'ഞാന്‍ എപ്പോഴും ടീമിന്റെ ഗ്രാഫ് നോക്കുന്നത് അഞ്ച് വര്‍ഷത്തിലോ മൂന്ന് വര്‍ഷങ്ങളിലോ ആണ്. ഗംഭീറിനെ കുറിച്ച് പറയുകയാണെങ്കില്‍ അതിനുള്ള സമയമായിട്ടില്ല. രോഹിതിനെ കുറിച്ച് പറയുകയാണെങ്കില്‍ രോഹിത് ശര്‍മ ടി20 ലോകകപ്പ് ക്യാപ്റ്റനായി നേടിയിട്ടുണ്ട്, ഏകദിന ലോകകപ്പ് ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ചു' യുവരാജ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷം, ഇന്ത്യ കളിച്ച പത്ത് ടെസ്റ്റ് മത്സരങ്ങളില്‍ ആറിലും ഒരു ഏകദിന പരമ്പരയിലും തോറ്റിരുന്നു. കൂടാതെ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനവും വിമര്‍ശനത്തിനടയാക്കി. ശേഷം ഡ്രസിങ് റൂം വിവാദങ്ങളും ഗംഭീറിന് മേല്‍ അധിക ബാധ്യതയായി നില്‍ക്കുമ്പോഴാണ് യുവരാജിന്റെ നിരുപാധിക പിന്തുണ.