ന്യൂഡല്‍ഹി: രോഹിത് ശര്‍മക്കെതിരെ കോണ്‍ഗ്രസ് വക്താവായ ഷമ മുഹമ്മദ് നടത്തിയ വിവാദ പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴി തുറന്നത്. ഷമയുടെ പോസ്റ്റ് രാഷ്ട്രീയ വിഷയമായി വരെ മാറിയിരുന്നു. ദേശീയ തലത്തില്‍ നിന്നുള്ള ഇടപെടലില്‍ നിന്ന് പോസ്റ്റ് ഷമ ഡിലീറ്റ് ചെയ്‌തെങ്കിലും വിവാദം അടങ്ങിയിട്ടില്ല. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. താനാണ് പ്രധാനമന്ത്രിയാണെങ്കില്‍ ഈ പ്രസ്താവന നടത്തിയവരോട് പെട്ടിയുമെടുത്ത് രാജ്യം വിടാന്‍ പറയുമായിരുന്നുവെന്നു യോഗ്‌രാജ് തുറന്നടിച്ചു.

'ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആളുകളും ഈ നാടുമൊക്കെ എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തേക്കാള്‍ പ്രിയപ്പെട്ടതാണ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളെക്കുറിച്ചു നമ്മുടെ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായ ആരെങ്കിലും ഇത്തരം പരാമര്‍ശം നടത്തിയാല്‍ അവര്‍ ലജ്ജിച്ചു തല താഴ്ത്തണം. അവര്‍ക്ക് ഈ രാജ്യത്തു തുടരാന്‍ ഒരു അര്‍ഹതയുമില്ല. ക്രിക്കറ്റ് നമുക്ക് മതം തന്നെയാണ്.'

'ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്പര നഷ്ടമായപ്പോള്‍ രോഹിതിനേയും കോഹ്‌ലിയേയും കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഇത്തരം ചര്‍ച്ചകളൊക്കെ പാകിസ്ഥാനിലാണ് പൊതുവേ നടക്കാറുള്ളത്. ഇത്രയൊക്കെ പഴം ആരാണ് കഴിക്കുക എന്നാണ് ഒരു പാകിസ്ഥാന്‍ മുന്‍ താരം ടീമിലെ താരങ്ങളുടെ ഭക്ഷണം സംബന്ധിച്ചു ചോദിച്ചത്.' 'രോഹിതിനെതിരായ പ്രസ്താവനയില്‍ നടപടി വേണം. ഇതൊന്നും പ്രോത്സാഹിപ്പിക്കരുത്. ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ പെട്ടിയുമെടുത്ത് അവരോട് രാജ്യം വിടാന്‍ പറയുമായിരുന്നു'- യോഗ്‌രാജ് സിങ് വ്യക്തമാക്കി.

രോഹിത് ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ചാണ് ഷമ എക്‌സില്‍ പോസ്റ്റിട്ടത്. വിവാദമായതോടെ ക്ഷമ ചോദിച്ച് ഷമ രംഗത്തെത്തിയിരുന്നു. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലന്‍ഡ് ചാംപ്യന്‍സ് ട്രോഫി മത്സരത്തിന് പിന്നാലെയായിരുന്നു രോഹിതിനെതിരായ ഷമയുടെ വിമര്‍ശനം.