- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരങ്ങേറ്റ സീസണില്‍ ഐപിഎല്‍ കിരീടം; ഗുജറാത്ത് ടൈറ്റന്‍സ് വിടാനൊരുങ്ങി നെഹ്റ; യുവരാജ് സിങ് പരിശീലകനായേക്കും
മുംബൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ അരങ്ങേറ്റ സീസണില്‍ കന്നി കിരീടത്തിലേക്ക് ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച മുഖ്യ പരിശീലകന് ആശിഷ് നെഹ്റയും ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കിയും അടുത്ത സീസണിന് മുമ്പ് ടീം വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ രണ്ട് സീസണില്‍ മികച്ച പ്രകടനം കഴിഞ്ഞ സീസണില്‍ ആവര്‍ത്തിക്കാനാകാതെ വന്നതോടെയാണ് ഇരുവരുടേയും പടിയിറക്കം.
ഇരുവരുടെയും കീഴിലാണ് 2022ലെ അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം ചൂടി ഞെട്ടിച്ചത്. തൊട്ടടുത്ത വര്‍ഷം ഗുജറാത്ത് റണ്ണേഴ്സ് അപ്പുമായെങ്കിലും ഈ സീസണില്‍ പ്രകടനം മോശമായി. ഇതിനു പിന്നാലെയാണ് ഇരുവരും ടീം വിട്ടേക്കുമെന്ന അഭ്യൂഹം.
നെഹ്റ ടീം വിട്ടാല്‍ പകരം പരിശീലകനായി മുന്‍ ഇന്ത്യന്‍ താരവും നെഹ്റയുെട സമകാലികനുമായ യുവരാജ് സിങ് എത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ പരിശീലകനായി അനുഭവ സമ്പത്തില്ലാത്ത വ്യക്തിയാണ് യുവരാജ്. അതേസമയം, ശുഭ്മന്‍ ഗില്ലിനെയും അഭിഷേക് ശര്‍മയെയും പോലുള്ള താരങ്ങളുടെ മെന്ററെന്ന നിലയില്‍ യുവി ശ്രദ്ധ നേടിയിട്ടുമുണ്ട്.
ഗുജറാത്ത് ടീമിന്റെ മെന്ററായിരുന്ന ദക്ഷിണാഫ്രിക്കക്കാരന് ഗാരി കിര്സ്റ്റന്, പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ചുമതല ഏറ്റെടുത്ത് ടീം വിട്ടിരുന്നു. ഫലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലക സംഘത്തില്‍ സമൂല മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും ഒടുവില്‍ നടന്ന സീസണില്‍ ശുഭ്മന്‍ ഗില്ലിന് കീഴില്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സ് എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ആദ്യ രണ്ടു സീസണുകളില്‍ ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിയതോടെയാണ് ടീമിന്റെ നായകനായി ഗില്ലിനെ നിയമിച്ചത്.