മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുണ്ടായ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം യുവരാജ് സിംഗ്. ടെന്നീസ് താരം സാനിയ മിർസയുടെ പോഡ്‌കാസ്റ്റിലാണ് തന്റെ കരിയറിലെ അവസാന നാളുകളിൽ നേരിട്ട അവഗണനകളെക്കുറിച്ചും മാനസിക സമ്മർദ്ദത്തെക്കുറിച്ചും യുവി വെളിപ്പെടുത്തിയത്. 2019-ൽ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ താൻ കളി ഒട്ടും ആസ്വദിക്കുന്നുണ്ടായിരുന്നില്ലെന്ന് യുവരാജ് പറഞ്ഞു.

"ഞാൻ കളി ആസ്വദിക്കുന്നുണ്ടായിരുന്നില്ല. എന്തിനാണ് ഞാൻ ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നതെന്ന് എന്നോട് തന്നെ ചോദിച്ചു തുടങ്ങിയിരുന്നു. എനിക്ക് ആവശ്യമായ പിന്തുണയോ അർഹിക്കുന്ന ബഹുമാനമോ ലഭിക്കുന്നില്ലെന്ന് തോന്നി. എന്നെത്തന്നെ തെളിയിക്കാൻ നിരന്തരം ശ്രമിക്കുന്നത് കളിയിലെ ആവേശം കെടുത്തിക്കളഞ്ഞു," യുവി വ്യക്തമാക്കി. വിരമിക്കൽ പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും ശാരീരികവും മാനസികവുമായ തളർച്ചയുടെ ഫലമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

"ക്രിക്കറ്റ് ഒരു ബാധ്യതയായി മാറിയപ്പോൾ അത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നി. വിരമിച്ച നിമിഷം വലിയൊരു ഭാരം ഒഴിഞ്ഞുപോയ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഞാൻ വീണ്ടും ഞാനായി മാറി," താരം വൈകാരികമായി പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കറെപ്പോലെയുള്ള മുതിർന്ന താരങ്ങൾ ഒപ്പമുണ്ടായിരുന്നെങ്കിലും കരിയറിന്റെ തുടക്കത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്മർദ്ദങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാൻ തനിക്ക് പ്രയാസമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

യുവതാരം അഭിഷേക് ശർമ്മയെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചും യുവരാജ് സംസാരിച്ചു. തന്റെ കരിയറിന്റെ തുടക്കത്തിൽ തനിക്ക് ലഭിക്കാതെ പോയ മാനസിക പിന്തുണയും വ്യക്തതയും അഭിഷേകിന് നൽകാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. "അഭിഷേകിന് വേണ്ടി ഞാൻ ഒരു നാല് വർഷത്തെ പ്ലാൻ തയ്യാറാക്കിയിരുന്നു. ഐപിഎല്ലിലെ ചെറിയ നേട്ടങ്ങൾക്കപ്പുറം ഇന്ത്യൻ ടീമിനായി കളിക്കുക എന്ന ലക്ഷ്യത്തിലേക്ക് അവനെ എത്തിക്കുക എന്നതായിരുന്നു എന്റെ ദൗത്യം. ഞാൻ പറഞ്ഞത് അവൻ കൃത്യമായി പാലിച്ചു," യുവി അഭിമാനത്തോടെ പറഞ്ഞു.

അഭിഷേക് തന്റെ റെക്കോർഡുകൾ തകർക്കുന്നതിനെക്കുറിച്ച് സാനിയ ചോദിച്ചപ്പോൾ, "അവൻ എന്റെ ഒരു റെക്കോർഡും തകർത്തിട്ടില്ല, പാകിസ്ഥാനെതിരെ വേഗത്തിൽ ഫിഫ്റ്റി നേടിയത് മാത്രമാണ് അവന്റെ നേട്ടം. ഞാൻ മിഡിൽ ഓർഡറിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്, അവൻ ഓപ്പണറാണ്. അവന് ഫീൽഡർമാർ ഉള്ളിലായിരിക്കും, എനിക്ക് പുറത്തും" എന്ന് യുവി തമാശയായി മറുപടി നൽകി.