ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിലവില്‍ മൂന്ന് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് പന്തില്‍ 12 റണ്‍സ് എടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് നഷ്ടമായത്.

ടോസ് നേടിയ സിംബാബ്വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നു കളത്തിലിറങ്ങുന്നത്. ഖലീല്‍ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്ക് പകരം മുകേഷ് കുമാറും റിയാന്‍ പരാഗും പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. വിക്കറ്റ് കീപ്പറായും വൈസ് ക്യാപ്റ്റനായും സഞ്ജു സാംസണ്‍ തുടരും. സിംബാബ്വെ ടീമില്‍ ടെന്‍ഡായി ചതാരയ്ക്കു പകരം ബ്രന്‍ഡന്‍ മവുത കളിക്കും.

ഇന്നലെ നടന്ന നാലാം ട്വന്റി20യില്‍ പത്തു വിക്കറ്റിന് ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ, പിന്നീട് നടന്ന മൂന്നു മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. നാലാം ട്വന്റി20യില്‍ സിംബാബ്വെ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍ (53 പന്തില്‍ 93), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (39 പന്തില്‍ 58*) എന്നിവരുടെ അര്‍ധസെഞ്ചറികളാണ് ഇന്ത്യയ്ക്ക് അനായാസ ജയം നല്‍കിയത്.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍/വൈസ് ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്ണോയ്, തുഷാര്‍ ദേശ്പാണ്ഡെ, മുകേഷ് കുമാര്‍

സിംബാബ്വെ: വെസ്ലി മധേവെരെ, തദിവനഷെ മരുമണി, ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മയേഴ്സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ജോനാഥന്‍ കാംബെല്‍, ഫറാസ് അക്രം, ക്ലൈവ് മദാന്‍ഡെ (വിക്കറ്റ് കീപ്പര്‍), ബ്രാന്‍ഡന്‍ മാവുത, റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസറബാനി